ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മൊയ്തീന്‍ പുത്തന്‍‌ചിറ


ഹ്യൂസ്റ്റണ്‍: ടെക്സ്സസിലെ എ ആന്‍ഡ് എം യൂണിവേഴ്സിറ്റി കോമേഴ്സ് ക്യാമ്പസില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ടു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:30 നാണ് പ്രൈഡ് റോക്ക് റസിഡന്‍സ് ഹാളില്‍ വെടിവയ്പ്പ് നടന്നതെന്ന് സര്‍വകലാശാല പോലീസ് അറിയിച്ചു.

യൂണിവേഴ്സിറ്റിയിലെ നവാഗതരായ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന റസിഡന്‍സ് ഹാളിലെ ഒരു മുറിക്കുള്ളില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചതായും, പരിക്കേറ്റത് രണ്ടു വയസ്സുള്ള കുട്ടിയാണെന്നും യൂണിവേഴ്സിറ്റി പോലീസ് മേധാവി ബ്രയാന്‍ വോണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി കൊമേഴ്സ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വെടിവെയ്പ് നടന്നതിനുശേഷം യൂണിവേഴ്സിറ്റി എല്ലാ ക്ലാസുകളും റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി, ഉദ്യോഗസ്ഥര്‍ എന്നിവരെ ക്യാമ്പസില്‍ തന്നെയുള്ള ഷെല്‍ട്ടറിലേക്ക് മാറ്റി. അന്വേഷണം തുടരുന്നതിനാല്‍ റസിഡന്‍സ് ഹാളും പരിസര പ്രദേശങ്ങളും പോലീസ്
അടച്ചു. ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനായി റെയ്‌ബേണ്‍ സ്റ്റുഡന്‍റ് സെന്‍ററിലേക്ക് മാറ്റി.

ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയില്‍ വെടിവെയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

യൂണിവേഴ്സിറ്റിയുടെ പ്രധാന ക്യാമ്പസില്‍ നിന്ന് 200 മൈല്‍ അകലെയാണ് കോമേഴ്സ് ക്യാമ്പസ്. 8230 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്ന് കോളേജ് ബോര്‍ഡ് അറിയിച്ചു.

താനും ഭാര്യ ഹെയ്ഡിയും ക്യാമ്പസിലെ എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് സെനറ്റര്‍ ടെഡ് ക്രൂസ് ട്വിറ്ററില്‍ കുറിച്ചു. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം മുഴുവന്‍ സമൂഹത്തോടും ആഹ്വാനം ചെയ്തു.

അക്രമിയുടേയോ കൊല്ലപ്പെട്ടവരുടേയോ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Share this story