പതിനഞ്ച് സെക്കന്റിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചു

പതിനഞ്ച് സെക്കന്റിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ


ബീജിംഗ്: തെക്ക് കിഴക്കന്‍ ചൈനയില്‍ വെറും 15 സെക്കന്റിനുള്ളില്‍ ഒരാള്‍ക്ക് കോറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഈ വ്യക്തി ഒരു മാര്‍ക്കറ്റില്‍ രോഗബാധിതയായ ഒരു സ്ത്രീക്ക് സമീപം 15 സെക്കന്‍ഡ് നില്‍ക്കുകയും, ഈ മാരക രോഗത്തിന് അടിമപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ‘രോഗി നമ്പര്‍ അഞ്ച്’ എന്നു മാത്രമാണെന്ന് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഷുവാങ്ഡോംഗ് മാര്‍ക്കറ്റിലെ രോഗി നമ്പര്‍ 2 ന് സമീപമാണ് ഈ വ്യക്തി നിന്നിരുന്നതെന്ന് ആരോഗ്യ അധികൃതര്‍ പറഞ്ഞു.

‘രോഗി നമ്പര്‍ 5’ മാസ്ക് ധരിച്ചിരുന്നില്ലെന്ന് ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഈ വ്യക്തി എവിടെ നിന്നാണ് വന്നതെന്നും, കഴിഞ്ഞ രണ്ടാഴ്ച ആരോക്കെയുമായി ബന്ധപ്പെട്ടുവെന്നും അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ തീരദേശ നഗരമായ നിങ്ബോയില്‍ നിന്നുള്ളയാളാണെന്ന് പറയപ്പെടുന്നു.

ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 636 ആയി ഉയര്‍ന്നെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇതുവരെ ഈ വൈറസ് ബാധിച്ചവരുടെ എണ്ണം 31,161 ആയി വര്‍ദ്ധിച്ചുവെന്നും കമ്മീഷന്‍ അറിയിച്ചു. 31 പ്രവിശ്യാ തലങ്ങളില്‍ വൈറസ് ബാധിച്ച 3,143 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി മറ്റൊരു ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും കമ്മീഷന്‍ അറിയിച്ചു.

ചൈനയില്‍ രോഗികളുടെ കിടക്കകള്‍ക്കും മറ്റ് മെഡിക്കല്‍ സാധനങ്ങള്‍ക്കും വലിയ കുറവുണ്ടെന്നതാണ് ആശ്വാസം. വുഹാനില്‍ 8182 രോഗികളെ 28 ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വുഹാനിലെ എല്ലാ ആശുപത്രികളും ഉള്‍പ്പെടെ 8254 കിടക്കകള്‍ മാത്രമേയുള്ളൂ. ഇതിനുപുറമെ മെഡിക്കല്‍ ഉപകരണങ്ങളും ഗണ്യമായി കുറഞ്ഞു. വൈറസ് പടരാതിരിക്കാന്‍ ഹുബെ പ്രവിശ്യയിലും പരിസര പ്രവിശ്യകളിലും യാത്രയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആളുകളെ വീടുകളില്‍ നിന്ന് പുറത്തുപോകുന്നതും അധികൃതര്‍ തടയുകയാണ്.

Share this story