ചികിൽസ തേടിയെത്തിയ സ്ത്രീകളോട് ലൈംഗിക വൈകൃതം; ഇന്ത്യൻ ഡോക്ടർക്ക് ബ്രിട്ടനിൽ ജീവപര്യന്തം ശിക്ഷ

ചികിൽസ തേടിയെത്തിയ സ്ത്രീകളോട് ലൈംഗിക വൈകൃതം; ഇന്ത്യൻ ഡോക്ടർക്ക് ബ്രിട്ടനിൽ ജീവപര്യന്തം ശിക്ഷ

ചികിൽസ തേടിയെത്തിയ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ ഇന്ത്യൻ ഡോക്ടർക്ക് ബ്രിട്ടനിൽ ജീവപര്യന്തം തടവുശിക്ഷ. ഇന്ത്യൻ വംശജനായ ഡോക്ടർ മനീഷ് ഷാ (50) ആണ് 24 സ്ത്രീകളുമായി ബന്ധപ്പെട്ട 90 കേസുകളിൽ പ്രതിയായി ജയിലിലായത്. നിലവിലെ വിധിയനുസരിച്ച് ഇനിയുള്ള 15 വർഷക്കാലത്തോളം ഇയാൾക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.

സ്ത്രീകളായ രോഗികളെ തീർത്തും അനാവശ്യമായ രീതിയിൽ പരിശോധന നടത്താൻ മനീഷിന് ഏറെ താൽപര്യമായിരുന്നു എന്നാണ് ആരോപിക്കപ്പെട്ടത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ 24 സ്ത്രീകൾക്കെതിരേ തൊണ്ണൂറോളം ലൈംഗീകാതിക്രമങ്ങൾ ഇയാൾ നടത്തിയതായി കണ്ടെത്തി.

കാൻസർ ഭീതിയുമായി പരിശോധനയ്‌ക്കെത്തിയ പതിനഞ്ചിനും നാൽപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഇയാൾ അനാവശ്യ പരിശോധനകൾക്ക് വിധേയരാക്കി ചൂഷണം ചെയ്തിരുന്നത്. സ്ത്രീകളുടെ മാറിടത്തിലും രഹസ്യഭാഗങ്ങളിലും അനാവശ്യ പരിശോധനകൾ നടത്തിയായിരുന്നു ഈ ലൈംഗിക വൈകൃതം.

കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്നു ജീവപര്യന്തങ്ങളാണ് കോടതി വിധിച്ചതെങ്കിലും ഇവ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ പതിനഞ്ച് വർഷം കൊണ്ട് പൂർത്തിയാകും. ജെയ്ഡ് ഗൂഡി, ആഞ്ജലീന ജോളി തുടങ്ങിയ സെലിബ്രിറ്റികളുടെ ജീവിതകഥകൾ ഉദാഹരണമാക്കിയാണ് മനീഷ് രോഗികളെ രഹസ്യ പരിശോധനയ്ക്കായി തന്റെ കെണിയിൽ പെടുത്തിയിരുന്നത്. ഡോക്ടറെന്ന സ്ഥാനവും അധികാരവും ദുരുപയോഗപ്പെടുത്തിയുള്ള ഈ കുറ്റകൃത്യം പൊറുക്കാനാവാത്തതാണെന്ന് വിധിപ്രസ്താവനയിൽ കോടതി വ്യക്തമാക്കി.

Share this story