എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു; പൊട്ടിക്കരഞ്ഞ് ആ ഒൻപത് വയസുകാരൻ പറയുന്നു; ആരെയും കരയിപ്പിക്കുന്ന വീഡിയോ

എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു; പൊട്ടിക്കരഞ്ഞ് ആ ഒൻപത് വയസുകാരൻ പറയുന്നു; ആരെയും കരയിപ്പിക്കുന്ന വീഡിയോ

പരിമിതികളുള്ള കുട്ടികളോട് സമൂഹത്തിന്റെ സമീപനത്തിൽ കാര്യമായ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി ഒരു അമ്മ. ഉയരക്കുറവിന്റെ പേരിൽ തന്റെ ഒൻപത് വയസുള്ള മകന് അനുഭവിക്കേണ്ടി വന്ന അവഹേളനവും അത് ആ കുട്ടിയിൽ തീർക്കുന്ന അരക്ഷിത ബോധവും ചൂണ്ടിക്കാട്ടിയാണ് ഈ അമ്മ തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചത്. മകന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഇത്തരം കുട്ടികൾക്ക് നേരെയുള്ള സമൂഹത്തിന്റെ സമീപനങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയും ഫെയ്‌സ്ബുക്കിലിട്ട വീഡിയോയിലൂടെ അവർ തുറന്ന് പറയുന്നു്. നിരവധി പേരാണ് ദിവസങ്ങൾക്കുള്ളിൽ വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് പേർ ഇത് പങ്കിട്ടിട്ടുമുണ്ട്.

യരാക ബയ്‌ലസ് എന്ന സ്ത്രീയാണ് തന്റെ മകൻ ക്വാഡന് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങിനെക്കുറിച്ച് വികാര നിർഭരയായി സംസാരിക്കുന്നത്. സ്‌കൂളിൽ വച്ച് സഹ പാഠികളടക്കമുള്ള വിദ്യാർത്ഥികളും മറ്റും ക്വാഡനെ ഉയരക്കുറവ് പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ആ കുട്ടിയിൽ വലിയ മാനസിക സംഘർഷം തീർക്കുന്നതായി അമ്മ പറയുന്നു. കുട്ടിയിൽ ആത്മഹത്യാ പ്രവണതയാണ് ഇതുകൊണ്ടു സംഭവിക്കുന്നതെന്നും അവർ ഭയത്തോടെ പറയുന്നു. സ്‌കൂൾ യൂണിഫോമിൽ കാറിലിരുന്ന് പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോക്കൊപ്പമാണ് തന്റെ അഭിപ്രായങ്ങളും അമ്മ പങ്കുവച്ചത്.

 

എനിക്കൊരു കയർ തരു, ഞാൻ സ്വയം ഇല്ലാതാകാം. എന്റെ ഹൃദയത്തെ കുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു… കരച്ചിൽ അടക്കാൻ കഴിയാതെ ക്വാഡൻ ഇടക്കിടെ പറയുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ മറുപടിയും വീഡിയോയിലുള്ളത്. മകന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ സഹിക്കാൻ കഴിയാതെ ആ അമ്മയും ഇടയ്ക്ക് ധൈര്യം ചോർന്ന് വിതുമ്പുന്നത് വീഡിയോയിൽ നിന്ന് മനസിലാക്കാം.

ഭീഷണിയുടേയും കളിയാക്കലുകളുടേയും അനന്തര ഫലമാണ് ഇത്. പ്രിൻസിപ്പൽ, ടീച്ചർമാർ, വിദ്യാഭ്യാസ വിദഗ്ധർ, മറ്റ് ജനങ്ങൾ എല്ലാവരും ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കണം. സ്‌കൂളിൽ ചെല്ലുമ്പോൾ മറ്റൊരു വിദ്യാർത്ഥി മകന്റെ തലയിൽ തലോടി ഉയരക്കുറവിനെ കളിയാക്കുന്നത് നേരിട്ട് കണേണ്ടി വന്നതായി അമ്മ പറയുന്നു.

ആ സംഭവത്തിന് പിന്നാലെ കരഞ്ഞു കൊണ്ട് അവൻ കാറിലേക്ക് ഓടിക്കയറുകയായിരുന്നു. കാരണം സ്‌കൂളിൽ വച്ച് ഒരു രംഗം സൃഷ്ടിക്കാൻ മകൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ ഒരു പരാജയപ്പെട്ട അമ്മയാണ്. വിദ്യാഭ്യാസ സമ്പ്രദായം തന്നെ പരാജയമാണെന്ന് എനിക്ക് തോന്നുന്നു. ബയ്‌ലസ് അങ്ങേയറ്റത്തെ നിരാശയോടെ പറയുന്നു.

ഭീഷണിപ്പെടുത്തലിന്റേയും കളിയാക്കലിന്റേയും മറ്റും അനന്തര ഫലങ്ങളെക്കുറിച്ച് മറ്റ് കുട്ടികളുടെ മാതാപിതാക്കളും ടീച്ചർമാരുമൊക്കെ ജാഗ്രതയോടെ ചിന്തിക്കണമെന്ന് ബയ്‌ലസ് ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കളിയാക്കലും മറ്റും തന്റെ മകന്റെ കാര്യത്തിൽ ദിവസവും നടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. വൈകല്യങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നതടക്കമുള്ള നിർദേശങ്ങളും അവർ വീഡിയോയിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.

Share this story