ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ ചെലവിടുന്നത് കോടികൾ; ആർക്കാണു നേട്ടം

ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ ചെലവിടുന്നത് കോടികൾ; ആർക്കാണു നേട്ടം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനത്തിനു മുന്നോടിയായി വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 100 കോടിയിലധികം രൂപയാണ് ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ ചെലവഴിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ. ആദ്യമായി ഇന്ത്യയിലെത്തുന്ന ഡോണൾഡ് ട്രംപിനെ ഞെട്ടിക്കണം എന്ന കണക്കുകൂട്ടലോടെയാണ് ‘നമസ്‌തേ ട്രംപ്’ എന്നു പേരിട്ട പരിപാടിയുടെ ഓരോ പ്രവർത്തനവും. അഹമ്മദാബാദിൽ ഒരു കോടി ആളുകൾ തന്നെ സ്വീകരിക്കാൻ എത്തുമെന്നാണ് ഒടുവിൽ ട്രംപ് പറഞ്ഞത്. 70 ലക്ഷം ആളുകൾ സ്വീകരിക്കാൻ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി ആദ്യം ട്രംപ് വ്യക്തമാക്കിയിരുന്നു.

സ്വന്തം നാട്ടിലേക്കുതന്നെ ട്രംപിനെ സന്ദർശനത്തിനു ക്ഷണിച്ചെങ്കിലും പലതും മറച്ചു വയ്ക്കേണ്ട ഗതികേടിലാണു പക്ഷേ മോദി. ചേരികൾ മതിൽകെട്ടി മറച്ചും കുടിയൊഴിപ്പിച്ചും ട്രംപിനെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഗുജറാത്തിൽ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയും യുഎസും ദീർഘകാലമായി നല്ല ബന്ധം പുലർത്തി വരുന്ന രാജ്യങ്ങളാണ്. ഈ ബന്ധം ഊഷ്മളമായി നിലനിർത്താൻ മോദിയുടെ ഭരണകാലത്ത് ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടികളൊക്കെ ഇന്ത്യയ്ക്ക് എത്രമാത്രം ഗുണകരമായി എന്നതിനെക്കുറിച്ച് പല കോണുകളിൽ നിന്നും സംശയം ഉയരുന്നുമുണ്ട്.

2019 സെപ്തംബർ 22നാണ് ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ‘ഹൗഡി മോഡി’ എന്ന പേരിൽ വൻ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ വംശജരായ അരലക്ഷത്തോളം പേരാണ് അന്നു പരിപാടിയിൽ പങ്കെടുത്തത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.

ഇന്ത്യൻ സർക്കാരോ ബിജെപിയോ അല്ല ‘ഹൗഡി മോഡി’ പരിപാടിക്കായി പണം ചെലവഴിച്ചതെന്നാണ് ബിജെപിയുടെ രാജ്യാന്തര കാര്യങ്ങൾ നിയന്ത്രിക്കുന്ന വിജയ് ചൗതായ്വാലെ പറഞ്ഞത്. സംഭാവന സ്വീകരിച്ചാണു പരിപാടിക്കു പണം കണ്ടെത്തിയതെന്നും വിജയ് പറഞ്ഞു. പരിപാടി വൻ വിജയമായിരുന്നെങ്കിലും ഇന്ത്യയ്‌ക്കെന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. എന്നാൽ ഡോണൾഡ് ട്രംപിന് വളരെ നേട്ടമുണ്ടായതായും വിലയിരുത്തപ്പെടുന്നു.

ഈ വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് ഏറെ നേരത്തേതന്നെ ട്രംപ് പ്രചാരണം ആരംഭിച്ചിരുന്നു. കാലങ്ങളായി ഇന്ത്യൻ വംശജർ ഭൂരിഭാഗവും യുഎസിൽ ഡമോക്രാറ്റുകളെയാണു പിന്തുണയ്ക്കുന്നത്. ഏഷ്യൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് നടത്തിയ പഠനത്തിൽ 2016ലെ തിരഞ്ഞെടുപ്പിൽ 84% ഇന്ത്യൻ വംശജരും ഹിലറി ക്ലിന്റനാണ് വോട്ട് ചെയ്തത്. റിപബ്ലിക്കൻ ആയ ട്രംപിന് ‘ഹൗഡി മോഡി’ പരിപാടി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറെ ഉത്തേജനം പകർന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റിപബ്ലിക്കൻസ് മാത്രമല്ല ഡമോക്രാറ്റുകളെ പിന്തുണയ്ക്കുന്നവരും പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.

Share this story