‘ഇന്ത്യയിലേത് ഭീതിപ്പെടുത്തുന്ന സാഹചര്യം; ലോകം നിങ്ങളെ കാണുന്നുണ്ടെന്ന കാര്യം മറക്കരുത്’;വിമര്‍ശനവുമായി യു.എസ് നേതാക്കള്‍

‘ഇന്ത്യയിലേത് ഭീതിപ്പെടുത്തുന്ന സാഹചര്യം; ലോകം നിങ്ങളെ കാണുന്നുണ്ടെന്ന കാര്യം മറക്കരുത്’;വിമര്‍ശനവുമായി യു.എസ് നേതാക്കള്‍

ഡല്‍ഹിയിലെ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമവും വിവേചനവും വിഭജനവും ജനാധിപത്യം വെച്ചുപൊറുപ്പിക്കരുതെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍. ഇന്ത്യയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്നും ലോകം ഇതൊക്കെ കാണുന്നുണ്ടെന്നും പ്രമീള ജയപാല്‍ ട്വീറ്റില്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കിയ വ്യക്തിയാണ് പ്രമീള ജയപാല്‍. ഡല്‍ഹിയിലെ കലാപം ധാര്‍മ്മിക നേതൃത്വത്തിന്റെ പരാജയമെന്നാണ് യു.എസ് കോണ്‍ഗ്രസ് പ്രതിനിധി അലന്‍ ലോവെന്തല്‍ പ്രതികരിച്ചത്. സെനറ്റര്‍ എലിസബത്ത് വാരനും ഡല്‍ഹിയിലെ കലാപത്തെ ശക്തമായി അപലപിച്ചു.

ജനാധിപത്യ പങ്കാളിയായ ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. എന്നാല്‍ മതസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ പാലിക്കപ്പെടണം. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അക്രമം പ്രോത്‌സാഹിപ്പിക്കപ്പെടാവുന്നതല്ലെന്ന് എലിസബത്ത് വാറന്‍ പ്രതികരിച്ചു.

യു.എസ് കോണ്‍ഗ്രസ് നേതാവ് റഷീദ ത്‌ലയ്ബ് ഡല്‍ഹി കലാപത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുന്നതാണ് യഥാര്‍ത്ഥ സംഭവം. മുസ്‌ലിംമുകളെ ലക്ഷ്യമിട്ടാണ് അക്രമം. ഇന്ത്യയില്‍ മുസ്‌ലിമുകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നിശ്ശബ്ദരായി ഇരിക്കാനാവില്ലെന്ന് റഷീദ പറയുന്നു. പ്രസിഡന്റ് ട്രംപ് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ പതിനൊന്ന് പേര്‍ ഡല്‍ഹി പരിസരത്ത് കൊല്ലപ്പെട്ടുവെന്നായിരുന്നു ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

Share this story