മക്കളുടെ തിരോധാനത്തില്‍ അറസ്റ്റിലായ അമ്മയുടെ ജാമ്യത്തുക 5 മില്യണ്‍ ഡോളര്‍ തന്നെയെന്ന് ജഡ്ജി

മക്കളുടെ തിരോധാനത്തില്‍ അറസ്റ്റിലായ അമ്മയുടെ ജാമ്യത്തുക 5 മില്യണ്‍ ഡോളര്‍ തന്നെയെന്ന് ജഡ്ജി

മൊയ്തീന്‍ പുത്തന്‍‌ചിറ


ഐഡഹോ: രണ്ട് മക്കളുടെ തിരോധാനത്തില്‍ ഹവായിയില്‍ അറസ്റ്റിലായ അമ്മയ്ക്ക് ജാമ്യം 5 മില്യണ്‍ ഡോളറായി തുടരുമെന്ന് ജഡ്ജി ബുധനാഴ്ച വിധിച്ചു.

ജാമ്യത്തുക കുറയ്ക്കാനുള്ള ഹര്‍ജിയെത്തുടര്‍ന്ന് ലോറി വല്ലോയെ ഹവായി ദ്വീപായ കവായിലെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ജഡ്ജി ഈ ആവശ്യം നിരസിക്കുകയായിരുന്നു. ലോറി വല്ലോയെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള വിചാരണയിലാണ് അഞ്ച് മില്യണ്‍ ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ചത്. ജഡ്ജി നിരസിച്ചതോടെ കൈമാറ്റം ചെയ്യല്‍ ഹിയറിംഗ് ഉപേക്ഷിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ക്രെയ്ഗ് ഡി കോസ്റ്റ പറഞ്ഞു.

ഐഡഹോയിലേക്ക് എത്രയും വേഗം തിരിച്ചു പോകണമെന്നാണ് തന്റെ കക്ഷി ആഗ്രഹിക്കുന്നതെന്ന് ഡി കോസ്റ്റ പറഞ്ഞു. പ്രതിയെ ഐഡഹോ അധികൃതര്‍ക്ക് കൈമാറ്റം ചെയ്യാനുള്ള പ്രക്രിയ എത്രയും വേഗം തുടങ്ങുമെന്ന് കവായി പ്രൊസിക്യൂട്ടര്‍ ജസ്റ്റിന്‍ കൊല്ലര്‍ പറഞ്ഞു. മാര്‍ച്ച് 4 നാണ് ജഡ്ജി സ്റ്റാറ്റസ് ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്.

കുട്ടികളുടെ തിരോധാനം സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് ഐഡഹോ വാറണ്ടില്‍ കവായി പോലീസ് വാലോവിനെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപേക്ഷിച്ചതിന് രണ്ട് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വാലോവിന്റെ ഏഴുവയസ്സുള്ള ജോഷ്വ വല്ലോയേയും 17 കാരിയായ ടെലി റയാനെയും സെപ്റ്റംബര്‍ മുതലാണ് കാണാതായത്. ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ തിരോധാനം ലോകശ്രദ്ധ ആകര്‍ഷിച്ചത്. ഐഡഹോയിലെ റെക്സ്ബര്‍ഗ് നഗരത്തിലെ പോലീസ് ജോഷ്വയുടെയും ടെലിയുടെയും ജീവന്‍ അപകടത്തിലാണെന്ന് ശക്തമായി വിശ്വസിക്കുന്നു എന്ന് പറഞ്ഞു.

ഈ ആഴ്ച ആദ്യമാണ് വാലോവിന്റെ അഭിഭാഷകന്‍ 5 മില്യണ്‍ ഡോളര്‍ ജാമ്യം പുനഃപ്പരിശോധിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച ഡി കോസ്റ്റ ജഡ്ജി കാത്‌ലീന്‍ വതനാബെയോട് ന്യായമായ രീതിയില്‍ ജാമ്യത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി നിരസിക്കുകയായിരുന്നു.

46 കാരിയായ വാലോ ‘ഫ്ലൈറ്റ് റിസ്ക്’ ആണെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ വാദിച്ചു. വളരെയേറെ മാധ്യമ ശ്രദ്ധ നേടിയ സംഭവം  കണക്കിലെടുത്ത് ഈ കേസിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വാലോ രാജ്യം വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പ്രൊസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

ഹവായിയന്‍ ബാങ്ക് അക്കൗണ്ടില്‍ വാലോയുടെ ഭര്‍ത്താവ് ചാഡ് ഡേബെലിന് 152,000 ഡോളര്‍ നിക്ഷേപമുണ്ടെന്നും പ്രൊസിക്യൂട്ടര്‍മാര്‍ കണ്ടെത്തി. ഇവരുടെ കുട്ടികള്‍ എവിടെയാണെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും നുണ പറഞ്ഞതായും പോലീസ് പറഞ്ഞു.

ലോറി ഡേബെല്‍ എന്നും അറിയപ്പെടുന്ന വാലോ, കഴിഞ്ഞ മാസം കുട്ടികളെെ എഡഹോ അധികൃതരുടെ അടുത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട കോടതി ഉത്തരവ് അനുസരിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു. തന്‍റെ കുട്ടികളെ കോടതിയില്‍ ഏല്പിച്ചാല്‍ അവരെ ഫോസ്റ്റര്‍ ഹോമിലേക്ക് അയക്കുമെന്ന് ഭയന്നാണ് ഉത്തരവിനെതിരെ പോരാടുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഡി കോസ്റ്റ പറഞ്ഞു.

മൂന്ന് മരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വാലോയുടെ മുന്‍ ഭര്‍ത്താവ് ചാള്‍സ് വാലോയെ കഴിഞ്ഞ ജൂലൈയില്‍ ഫീനിക്സില്‍ വെച്ച് വാലോയുടെ സഹോദരന്‍ അലക്സ് കോക്സ് വെടിവച്ച് കൊന്നിരുന്നു. സ്വയരക്ഷാര്‍ത്ഥമാണ് തനിക്ക് വെടി വെയ്ക്കേണ്ടി വന്നതെന്ന് അലക്സ് കോക്സ് പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ അജ്ഞാത കാരണങ്ങളാല്‍ അലക്സ് മരിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെ വാലോ കുടുംബസമേതം ഐഡഹോയിലേക്ക് മാറി. ഒക്ടോബറില്‍, ചാഡ് ഡേബെലിന്‍റെ ഭാര്യ ടാമി ഡേബെലിന്റെ അസ്വാഭാവിക മരണം പലരിലും സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍, മരണത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഡേബെല്‍ വാലോവിനെ വിവാഹം കഴിച്ചപ്പോള്‍ പോലീസിന് സംശയമായി. അതനുസരിച്ച് ടാമിയുടെ മൃതദേഹം പുറത്തെടുത്തു. പരിശോധനാ ഫലങ്ങളും ടോക്സിക്കോളജി ഫലങ്ങളും ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നവംബര്‍ അവസാനത്തോടെ കാണാതായ കുട്ടികളെക്കുറിച്ച് റെക്സ്ബര്‍ഗ് പോലീസ് ഡേബെലിനെയും വാലോവിനെയും ചോദ്യം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഡിറ്റക്ടീവുകള്‍ വീണ്ടും അന്വേഷണത്തിനെത്തിയപ്പോഴേക്കും ഇരുവരും നഗരം വിട്ടിരുന്നു.

ഡിസംബറില്‍ ഐഡഹോ അധികൃതര്‍ ദമ്പതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. ജനുവരി 26 ന് കവായ് പോലീസ് ഒരു വാഹനത്തിന് സെര്‍ച്ച് വാറന്‍റ് നല്‍കി പരിശോധിച്ചിരുന്നു. ദമ്പതികള്‍ റിസോര്‍ട്ട് ടൗണായ പ്രിന്‍സ്‌വില്ലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

കവായി പോലീസ് ഡേബെലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കവായി കമ്മ്യൂണിറ്റി കറക്ഷണല്‍ സെന്‍ററില്‍ ചൊവ്വാഴ്ച ഡേബെല്‍ ഭാര്യയെ സന്ദര്‍ശിച്ചതായി ഹവായ് പബ്ലിക് സേഫ്റ്റി വക്താവ് ടോണി ഷ്വാര്‍ട്സ് പറഞ്ഞു.

Share this story