ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വിവേചന നിയമങ്ങൾക്കെതിരെ ആല്‍ബനി സിറ്റി പ്രമേയം പാസ്സാക്കി

ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വിവേചന നിയമങ്ങൾക്കെതിരെ ആല്‍ബനി സിറ്റി പ്രമേയം പാസ്സാക്കി

മൊയ്തീന്‍ പുത്തന്‍‌ചിറ


ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ മുസ്ലീങ്ങളെ പിന്തുണച്ച് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ആല്‍ബനിയില്‍ സിറ്റി ഓഫ് ആല്‍ബനി, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മാര്‍ച്ച് 2-ന് പാസ്സാക്കിയ ഫാസിസ വിരുദ്ധ പ്രമേയത്തെ മുസ്ലീം സമാധാന കൂട്ടായ്മ സ്വാഗതം ചെയ്തു.

അത്തരമൊരു പ്രമേയം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമാണ് ആല്‍ബനി. സിയാറ്റില്‍, വാഷിംഗ്ടണ്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളിലാണ് അത്തരമൊരു പ്രമേയം പാസ്സാക്കിയിട്ടുള്ളത്.

പ്രമേയം കൗണ്‍സില്‍ അംഗം ആല്‍ഫ്രെഡോ ബാലേറിയന്‍ അവതരിപ്പിക്കുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള പ്രമേയത്തിന്റെ രചയിതാവ് താന്‍ തന്നെയാണെന്ന് ബാലറിന്‍ പറഞ്ഞു. ഞങ്ങളുടെ ശത്രുക്കളോട് ചെയ്യുന്നതുപോലെ, ഞങ്ങളുടെ സുഹൃത്തുക്കള്‍ ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്.   പ്രാദേശിക തലത്തില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. കൂടാതെ, ഫെഡറല്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ബാലേറിയന്‍ പറഞ്ഞു.

ആല്‍ബനി ആസ്ഥാനമായുള്ള ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയായ ‘ദി മുസ്ലിം അഡ്വക്കസി ഗ്രൂപ്പ് ഓഫ് ന്യൂയോര്‍ക്ക്’, ‘ദി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് കോളിഷന്‍ എഗെയ്ന്‍സ്റ്റ്  ഇസ്ലാമോഫോബിയ’, ‘ന്യൂയോര്‍ക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’,  യുദ്ധവിരുദ്ധ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ ന്യൂനപക്ഷ അഭിഭാഷക ശൃംഖല (ഇമാന്‍നെറ്റ്), മിതവാദികളായ ഹിന്ദുക്കള്‍, ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലെ മുസ്ലിം സമുദായങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പ്രമേയത്തിനുള്ള പിന്തുണ സമാഹരിക്കുതിന് ആല്‍ബനി കോമണ്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കോറി എല്ലിസ് പറയുന്നത്, കോമണ്‍ കൗണ്‍സിലിന് ലഭിച്ച പ്രമേയം ആല്‍ബനിയെ സ്വാഗതാര്‍ഹമായ നഗരമായി സ്ഥിരീകരിക്കുകയും, മതവും ജാതിയും നോക്കാതെ ദക്ഷിണേഷ്യന്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.

‘അടിസ്ഥാനപരമായി, അവര്‍ ഇന്ത്യയിലെ അവരുടെ സഹോദരീസഹോദരന്മാര്‍ക്കുവേണ്ടി നിലകൊള്ളുന്നു. അവിടെ ഐഡന്‍റിറ്റി തെളിവ് കാണിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആളുകളോട് ആവശ്യപ്പെടുന്നു. ഒരു രാജ്യത്തെ സര്‍ക്കാര്‍ പൗരന്മാരോട് തെളിവുകള്‍ കാണിക്കാന്‍ പറയുമ്പോള്‍ അത് നമ്മെ അലോസരപ്പെടുത്തുന്നു. ഒരു സര്‍ക്കാര്‍ ജനങ്ങളുടെ ഐഡന്റിറ്റിയും ജനന സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടുമ്പോള്‍ അത് ആശങ്കയുളവാക്കുന്നു. അവര്‍ ആരാണെന്നും അവരുടെ ഐഡന്‍റിറ്റി എന്താണെന്നും സര്‍ക്കാരിനറിയാം. പക്ഷെ, ഇത്തരത്തിലുള്ള നീക്കം രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തുടക്കമാണെന്നാണ് ഈ ഗ്രൂപ്പിന് തോന്നുന്നത്. അത് തടയേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍  ഇതിലും വലിയ വിപത്തിന്റെ തുടക്കമാകും. ജന്മാവകാശങ്ങളും അതുപോലെയുള്ള മറ്റു കാര്യങ്ങളും ഉപയോഗിച്ച് ഗവണ്മെന്റുകള്‍ ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍, കാര്യങ്ങള്‍ ഗൗരവമായി എടുക്കണം. അതിനാല്‍, ഈ സംഘം സര്‍ക്കാരിനെതിരെ നിലകൊള്ളുകയും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആല്‍ബനിയില്‍ മാത്രമല്ല, എല്ലായിടത്തു നിന്നും കൂടുതല്‍ പങ്കാളികളെ നേടാനും ഈ ഗ്രൂപ്പ് ശ്രമിക്കുന്നു,’ കോമണ്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കോറി എല്ലിസ് പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ സംസാരിച്ചവരില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. പീറ്റര്‍ കുക്ക്, മുസ്ലീങ്ങള്‍ക്കൊപ്പം ക്രിസ്ത്യാനികളും ഇന്ത്യന്‍ ഹിന്ദു മേധാവിത്വ ഗവണ്‍മെന്‍റിന്‍റെ കൈകളാല്‍ പീഡനം നേരിടുന്നുവെന്ന് പരാമര്‍ശിച്ചു.

കൗണ്‍സില്‍ യോഗത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തില്‍ ഹിന്ദുത്വ മേധാവിത്വം യുഎസിലെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയത് ഹിന്ദുത്വ മേധാവിത്വ പ്രസ്ഥാനവുമായി അടുപ്പമുള്ള ബിഡന്‍ പ്രചാരണത്തിലെ ഉന്നത ഉദ്യോഗസ്ഥനായ അമിത് ജാനിയാണെന്ന് ഉദാഹരണ സഹിതം ഇമാന്‍നെറ്റിലെ ഡോ. ഷക് ഉബൈദ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി.

നാസി പാര്‍ട്ടിയുടെ ന്യൂറെംബര്‍ഗ് നിയമങ്ങള്‍ ജര്‍മ്മന്‍ ജൂതന്മാരെ വിലക്കിയിരുന്നതുപോലെ മുസ്ലീങ്ങളെ വിലക്കേര്‍പ്പെടുത്തുതിന് വിവേചനപരമായ പൗരത്വ ഭേദഗതി നിയമം ദേശീയ പൗരന്മാരുടെ രജിസ്റ്ററുമായി എങ്ങനെ സംയോജിപ്പിക്കുമെന്ന് മുസ്ലിം അഭിഭാഷക സമിതിയിലെ സയ്യിദ് സഹൂര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

കഴിഞ്ഞയാഴ്ച പ്രസിഡന്‍റ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഴിച്ചുവിട്ട ദില്ലിയിലെയും ഗുജറാത്തിലെയും മുസ്ലീം വിരുദ്ധ വംശഹത്യയെക്കുറിച്ച് ഇന്ത്യന്‍ മുസ്ലീം സമുദായത്തിലെ നിരവധി അംഗങ്ങളും ചില ഹിന്ദുക്കളും കൗണ്‍സില്‍ യോഗത്തില്‍ വാചാലമായി സംസാരിച്ചു. പ്രമേയം പാസാക്കാന്‍ അവര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

Share this story