കൊറോണ വൈറസ്: ആഗോളതലത്തിൽ 105,000 കവിഞ്ഞെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ്: ആഗോളതലത്തിൽ 105,000 കവിഞ്ഞെന്ന് ലോകാരോഗ്യ സംഘടന

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 105,586 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 3,656 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് സ്ഥിരീകരിച്ച 24,727 കേസുകളിൽ 484 പേർ മരിച്ചു, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 71 മരണങ്ങൾ കൂടുതൽ.

ബൾഗേറിയ, കോസ്റ്റാറിക്ക, ഫറോ ദ്വീപുകൾ, ഫ്രഞ്ച് ഗയാന, മാലിദ്വീപ്, മാൾട്ട, മാർട്ടിനിക്, റിപ്പബ്ലിക് ഓഫ് മോൾഡോവ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആദ്യമായി കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ചൈനയെക്കൂടാതെ കൊറോണ വൈറസ് ബാധിച്ച മൊത്തം രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും എണ്ണം ഇതോടെ 101 ആയി.

കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിനെതിരെ പോരാടുന്നതിലും വികസ്വര രാജ്യങ്ങളുടെ പ്രതികരണ ശേഷി മെച്ചപ്പെടുത്തുതിനും സഹായിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയ്ക്ക് 20 ദശലക്ഷം യുഎസ് ഡോളർ സംഭാവന നൽകാൻ ചൈനീസ് സർക്കാർ സമ്മതിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജെംഗ് ഷുവാങ് തിങ്കളാഴ്ച പറഞ്ഞു.

പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുതിനുമുള്ള അന്താരാഷ്ട്ര സഹകരണത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനായി ചൈനയുമായുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹകരണത്തിന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈനീസ് സർക്കാരിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഏഷ്യയിൽ, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയിൽ 11 ദിവസത്തിനുള്ളിൽ 96 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ മൊത്തം വൈറസ് ബാധ 51 മരണങ്ങളുൾപ്പടെ 7,478 ആയി ഉയർന്നുവെന്ന് കൊറിയ സെൻറർസ് ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു.

ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് 696 കേസുകൾക്ക് പുറമെ തിങ്കളാഴ്ച ജപ്പാനിൽ 485 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിൽ ഹുബെ പ്രവിശ്യയിൽ നിന്ന് മടങ്ങിയെത്തിയവരിൽ 14 കേസുകൾ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളിൽ 14 പേർ മരിച്ചു, അവരിൽ ഏഴ് പേർ ക്രൂയിസ് കപ്പലിൽ നിന്നുള്ളവരാണ്.

ഇറ്റാലിയൻ ക്രൂയിസ് കപ്പലായ കോസ്റ്റ ഫോർച്യൂണ ക്രൂയിസിനെ ചൊവ്വാഴ്ച രാജ്യത്ത് ഡോക്ക് ചെയ്യാൻ അനുവദിച്ചതായി സിംഗപ്പൂർ അറിയിച്ചു. ഇറങ്ങുമ്പോൾ യാത്രക്കാർ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകും. രാജ്യത്തെ ഏറ്റവും പുതിയ അണുബാധ 150-ൽ എത്തി നിൽക്കുന്നു.

Share this story