കൊറോണ; മരണം 4009 ആയി, ഇത്തരമൊരു മഹാരോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ; മരണം 4009 ആയി, ഇത്തരമൊരു മഹാരോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറ്റലിയില്‍ മരണം 463 ആയി.

ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്‍. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് മുതല്‍ തീരുമാനം നടപ്പാക്കും. ഏപ്രില്‍ മൂന്ന് വരെ ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇറാനില്‍ മരണം 237 ആയി. വൈറസ് വ്യാപനത്തെ തുടര്‍ന്ന് എഴുപതിനായിരം തടവുകാരെ ഇറാന്‍ മോചിപ്പിച്ചു. അതേസമയം വ്യാജ വാര്‍ത്തകളില്‍ വിശ്വസിച്ച് വൈറസിനെ ഇല്ലാതാക്കാന്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ച് 27 പേര്‍ ഇറാനില്‍ മരിച്ചു. 218 പേര്‍ ചികിത്സയിലാണ്. ബ്രിട്ടണില്‍ അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തുന്നവരെയെല്ലാം നിരീക്ഷണത്തില്‍ വെക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു.

കാനഡയില്‍ ആദ്യത്തെ ഒന്നും ജര്‍മനിയില്‍ രണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1100 പേര്‍ക്ക് ഇവിടെ രോഗമുണ്ട്. പ്രശ്നം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മഹാരോഗമുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Share this story