കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാനുള്ള യുഎസ് ശ്രമത്തില്‍ ഗൂഗിളും വാള്‍മാര്‍ട്ടും ചേരുന്നു

കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാനുള്ള യുഎസ് ശ്രമത്തില്‍ ഗൂഗിളും വാള്‍മാര്‍ട്ടും ചേരുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ


വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക പങ്കുചേര്‍ന്നു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും എക്സിക്യൂട്ടീവുകളും ജനങ്ങള്‍ക്ക് വൈറസ് പരിശോധനകള്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നതിന് ഗൂഗിള്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും, ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരവരുടെ പാര്‍ക്കിംഗ് ഏരിയകളില്‍ ഡ്രെെവ് ത്രൂ പരിശോധന ആരംഭിക്കുകയും ചെയ്യാമെന്നും അറിയിച്ചു.

അതിവേഗം പടരുന്ന വൈറസിനായുള്ള പരിശോധന വര്‍ദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് മിക്കവാറും എല്ലാ യുഎസ് സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞു. അമേരിക്കയില്‍ 1,660 ല്‍ അധികം ആളുകളെ അത് ബാധിച്ചു.

‘മുന്‍കാല വെബ്സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ ഒരു വെബ്സൈറ്റ് വികസിപ്പിക്കാന്‍ ഗൂഗിള്‍ മുന്നോട്ടു വന്നതില്‍ അവരോട് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ക്ക് വൈറസ് ടെസ്റ്റ് ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കുതിനും അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്ത് പരിശോധന സുഗമമാക്കുതിനും ഇത് വളരെ സഹായകമാകും,’ ട്രംപ് പറഞ്ഞു. 1,700 എഞ്ചിനീയര്‍മാരാണ് ഗൂഗിളില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ വെബ്സൈറ്റില്‍, വൈറസ് പിടിപെടാന്‍ സാധ്യതയുള്ള ഉപയോക്താവിനോട് വെബ്സൈറ്റില്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുമെന്നും, അവര്‍ക്ക് കൊറോണ വൈറസ് പരിശോധന ആവശ്യമാണോ അതോ വേണ്ടയോ എന്ന് വെബ്സൈറ്റ് ശുപാര്‍ശ ചെയ്യുമെന്നും പറയുന്നു. പരിശോധന കഴിഞ്ഞ് ഫലങ്ങള്‍ 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.

വെബ്സൈറ്റിന്‍റെ സമാരംഭ തീയതി ഞായറാഴ്ച രാത്രിയോടെ അറിയുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പറഞ്ഞു.

നിരവധി ജീവനക്കാരുടെ സഹായത്തോടെ വെബ് സൈറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുകയാണെന്ന് ഗൂഗിള്‍ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള വെര്‍ലി എന്ന ഹെല്‍ത്ത് കെയര്‍ ടെക് കമ്പനിയും പറഞ്ഞു.

ഞങ്ങള്‍ വികസനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും, കാലക്രമേണ കൂടുതല്‍ വിശാലമായി വികസിപ്പിക്കാമെന്ന പ്രതീക്ഷയോടെ സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയില്‍ ആദ്യഘട്ട പരീക്ഷണം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണെന്നും വക്താവ് കാത്‌ലീന്‍ പാര്‍ക്ക്സ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ പോലുള്ള വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള ആളുകളുടെ പരിശോധന ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നതെന്ന് വെര്‍‌ലിയുടെ മറ്റൊരു വക്താവ് കരോലിന്‍ വാങ് പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്കോ മേഖലയിലെ നിരവധി സൈറ്റുകളില്‍ സിസ്റ്റം കൂടുതല്‍ വിശാലമായി പരീക്ഷിക്കാന്‍ വെറിലി ഇപ്പോള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ്, ലാബ്കോര്‍പ്പ് തുടങ്ങിയ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വെര്‍ലി. മറ്റ് മേഖലകളില്‍ പരിശോധന കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും പ്രയോജനകരവുമാക്കുതിനുള്ള അധിക സമീപനങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു.

വെബ്സൈറ്റ് സന്ദര്‍ശകര്‍ സമര്‍പ്പിച്ച ഡാറ്റ എങ്ങനെ പരിരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വെര്‍ലി വക്താക്കള്‍ പ്രതികരിച്ചില്ല.

ഡ്രെെവ് ത്രൂ കൊറോണ വൈറസ് പരിശോധനയ്ക്ക് സഹായിക്കുന്നതിന് യുഎസിലെ പ്രമുഖ റീട്ടെയിലര്‍മാര്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റീട്ടെയില്‍ ഇന്‍ഡസ്ട്രി ലീഡേഴ്സ് അസോസിയേഷന്‍ അറിയിച്ചു. വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ്, വാള്‍ഗ്രീന്‍സ് ബൂട്ട്സ് അലയന്‍സ് ഇങ്ക്, സിവിഎസ് എന്നിവയിലെ മുതിര്‍ന്ന നേതാക്കള്‍ ട്രം‌പിന്റെ പ്രഖ്യാപനത്തില്‍ സം‌തൃപ്തി പ്രകടിപ്പിച്ചു.

റീട്ടെയില്‍ സ്റ്റോര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും പ്രാദേശിക ആരോഗ്യ വകുപ്പുകളുമായും ഡയഗ്നോസ്റ്റിക് ലാബുകളുമായും സഹകരിച്ച് പരിശോധന പൂര്‍ത്തിയാക്കാന്‍ ലാബുകളിലേക്ക് അയക്കും. ടെസ്റ്റിംഗ് സൈറ്റുകള്‍ കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കില്ല.

Share this story