അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്നേറ്റം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്നേറ്റം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഫ്‌ളോറിഡ, ഇല്ലിനോയിസ്, അരിസോണ പ്രൈമറികളില്‍ ജോ ബൈഡന് തകര്‍പ്പന്‍ ജയം. മൂന്നിടത്തും എതിരാളി ബേണി സാന്‍ഡേഴ്‌സിനെ വലിയ ഭൂരിപക്ഷത്തിലാണ് ബൈഡന്‍ തോല്പിച്ചത്. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ എതിരാളി ജോ ബൈഡനാകും എന്ന് ഉറപ്പായി.

 

തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ ട്യൂസ്‌ഡേയിലും തേരോട്ടം തുടര്‍ന്ന ജോ ബൈഡന്‍ ഫ്‌ളോറിഡയില്‍ 62 ശതമാനം വോട്ടാണ് നേടിയത്. ഇവിടെ ബേണി സാന്‍ഡേഴ്‌സിന് വെറും 23 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇല്ലിനോയ്‌സില്‍ ബൈഡന്‍ 59 ശതമാനം വോട്ട് നേടിയപ്പോള്‍ സാന്‍ഡേഴ്‌സിന് ലഭിച്ചത് 36 ശതമാനം വോട്ടാണ്.

അരിസോണയില്‍ ജോ ബൈഡന് 52 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 32 ശതമാനവും വോട്ടാണ് ലഭിച്ചത്. തകര്‍പ്പന്‍ ജയത്തെത്തുടര്‍ന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ തന്നെ പിന്തുണയ്ക്കണമെന്ന് എതിരാളി ബേണി സാന്‍ഡേഴ്‌സിനെ അനുകൂലിക്കുന്നവരോട് ബൈഡന്‍ ആവശ്യപ്പെട്ടു. ബേണി സാന്‍ഡേഴ്‌സും താനും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച ബൈഡന്‍ എല്ലാവര്‍ക്കും വേണ്ടി പോരാടാന്‍ തനിക്ക് കഴിയുമെന്നും പറഞ്ഞു.

 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന്റെ തുടക്കത്തില്‍ ബേണി സാന്‍ഡേഴ്‌സാണ് മുന്നേറിയിരുന്നതെങ്കിലും പിന്നീട് അലബാമ, അര്‍കന്‍സ, മാസച്യുസിറ്റ്‌സ്, മിനസോട്ട, നോര്‍ത്ത് കാരലൈന, ഓക്ലഹോമ, ടെനിസി, ടെക്‌സസ്, വെര്‍ജീനിയ, മിഷിഗണ്‍, മിസിസ്സിപ്പി, മിസൗറി എന്നിവിടങ്ങളില്‍ ജയിച്ച് ജോ ബൈഡന്‍ വന്‍മുന്നേറ്റം നടത്തുകയായിരുന്നു.

Share this story