കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ നിന്ന് ഹാന്റാ വൈറസ്; ചൈനയിൽ ഒരാൾ മരിച്ചുവെന്ന് റിപ്പോർട്ടുകൾ

കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ നിന്ന് ഹാന്റാ വൈറസ്; ചൈനയിൽ ഒരാൾ മരിച്ചുവെന്ന് റിപ്പോർട്ടുകൾ

17,000ൽ അധികം ആളുകളെ മരണത്തിലേക്ക് എത്തിച്ച് കൊറോണ ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കെ മറ്റൊരു വൈറസ് കൂടി എത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഒരാൾ ഹാന്റാ വൈറസ് ബാധിച്ച് മരിച്ചുവെന്ന് രാജ്യത്തെ മാധ്യമം റിപ്പോർട്ട് ചെയ്തു. ആളുകളെ കൂടുതൽ പരിഭ്രാന്തിയിൽ എത്തിച്ചാണ് ഹാന്റയുടെ വരവ്. ഇത് പക്ഷേ പുതിയ വൈറസ് അല്ലെന്നാണ് വിവരം.

ചൈനയിലെ യുനാനിൽ നിന്നുള്ള ആളാണ് മരിച്ചത്. വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നതിന് ഇടയിലായിരുന്നു മരണം. മരിച്ച ആളിന് ഹാന്റാ വൈറസ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബസിലെ ബാക്കി 32 ആളുകൾക്കും വൈറസ് പരിശോധന നടത്തിയതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വെെറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.

പിന്നാലെ സമൂഹ മാധ്യമങ്ങളിലും ഹാന്റാ വൈറസ് ചർച്ചയായിട്ടുണ്ട്. ലോകത്തിന് അടുത്ത പ്രതിസന്ധി ഈ വൈറസ് സൃഷ്ടിക്കുമോ എന്നാണ് വലിയ ആശങ്ക. എന്നാൽ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് അസുഖം പകരില്ലെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് പ്രവൻഷൻ ആൻഡ് കൺട്രോൾ (സിഡിസി) വ്യക്തമാക്കി.

 

എലികളിൽ നിന്നാണ് പ്രധാനമായും ഹാന്റാ വൈറസ് പടരുന്നത്. ശ്വാസകോശത്തെയും വൃക്കയേയും ബാധിക്കുന്ന വൈറസ് ബാധ വായു വഴിയല്ല പകരുന്നത്. എലിയുടെ മലം, മൂത്രം, ഉമിനീർ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗമെത്തുന്നത്. ഹാന്റാവൈറസ് പൾമണറി സിൻഡ്രോം(എച്ച്പിഎസ്), ഹെമറേജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം (എച്ച്എഫ്ആർഎസ്) എന്നിവക്കാണ് വൈറസ് കാരണമാകുക.

 

എച്ച്പിഎസിന്റെ ലക്ഷണങ്ങൾ ക്ഷീണം, പേശി വേദന, തല വേദന, തലകറക്കം, വയറിലെ പ്രശ്‌നങ്ങൾ എന്നിവയാണ്. ശരിയായ ട്രീറ്റ്‌മെന്റ് നൽകിയില്ലെങ്കിൽ ചുമയ്ക്കും ശ്വാസതടസത്തിനും കാരണമായേക്കാം. രോഗം മൂർച്ഛിച്ചാൽ മരണനിരക്ക് 38 ശതമാനമാണെന്ന് സിഡിസി വ്യക്തമാക്കുന്നു. എച്ച്എഫ്ആർഎസിന്റെ ലക്ഷണങ്ങൾ ആദ്യം എച്ച്പിഎസിന്റെ പോലെയാണെങ്കിലും പിന്നീട് രക്ത സമ്മർദം കുറയൽ, അക്യൂട്ട് ഷോക്ക്, രക്തക്കുഴലുകൾക്ക് ചോർച്ച, വൃക്ക തകരാർ എന്നിവയ്ക്ക് എച്ച്എഫ്ആർഎസ് കാരണമാകുന്നു. എലികളെ നശിപ്പിക്കുന്നതാണ് വൈറസിനെ ഹാന്‍റാ വെെറസിനെ നേരിടാനുള്ള പ്രധാന മാർഗം.

കേരളത്തിലും ഈ വൈറസ് ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി മാധ്യമങ്ങൾ പറയുന്നുണ്ട്. 2014ൽ തിരുവനന്തപുരം പാലോട് റബർ ടാപ്പിംഗ് തൊഴിലാളിക്ക് ഹാന്റാ വൈറസ് ബാധയായിരുന്നു എന്നത് മരണശേഷം സ്ഥിരീകരിച്ചു. മുംബൈയിലും ഹാന്റാ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Share this story