ഇറ്റലിയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു; മരണസംഖ്യ പതിനായിരം കടന്നു, സ്‌പെയിനിൽ മരണം ആറായിരത്തിലേക്ക്

ഇറ്റലിയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു; മരണസംഖ്യ പതിനായിരം കടന്നു, സ്‌പെയിനിൽ മരണം ആറായിരത്തിലേക്ക്

യൂറോപ്പിനെ വിഴുങ്ങി കൊവിഡ് 19 മഹാമാരി. ഇറ്റലിയിൽ കാര്യങ്ങൾ നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. ഇറ്റലിയിൽ ശനിയാഴ്ച മാത്രം 889 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 10,023 ആയി. ഇതാദ്യമായാണ് ഒരു രാജ്യത്ത് കൊവിഡ് ബാധിച്ച് പതിനായിരത്തിലധികം പേർ മരിക്കുന്നത്. പ്രഭവകേന്ദ്രമായ ചൈനയേക്കാളും മൂന്നിരട്ടി പേരാണ് ഇറ്റലിയിൽ മരിച്ചുവീണത്.

ഇറ്റലിക്ക് പിന്നാലെ കൊറോണയുടെ ഹബ്ബായി യൂറോപ്പിൽ മാറിയത് സ്‌പെയിനാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്‌പെയിനിൽ 832 പേരാണ് മരിച്ചത്. ആകെ മരണം 5690 ആയി മാറി. അമേരിക്കയിൽ മരണം 2000 കടന്നു. രണ്ട് ദിവസത്തിനുള്ളിൽ കൊറോണ വൈറസ് മരണങ്ങൾ ഇരട്ടിയായി മാറിയത് അമേരിക്കയിൽ ആശങ്ക പടർത്തുന്നുണ്ട്. ഇന്നലെ മാത്രം 515 പേരാണ് അമേരിക്കയിൽ മരിച്ചത്.

1,23000 പേരാണ് കൊറോണ ബാധിതരായി അമേരിക്കയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ അമ്പതിനായിരം പേരും ന്യൂയോർക്കിലാണ്. അതേസമയം ന്യൂയോർക്കിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം പ്രസിഡന്റ് ട്രംപ് തള്ളി

ഫ്രാൻസിൽ 319 പേർ ഇന്നലെ മരിച്ചു. ബ്രിട്ടനിൽ 260 പേരും മരിച്ചിട്ടുണ്ട്. ലോകത്താകെ മുപ്പതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ലോകത്ത് ആറ് ലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം

Share this story