സ്റ്റാഫംഗത്തിന് കൊവിഡ് 19; നെതന്യാഹു നിരീക്ഷണത്തിൽ

സ്റ്റാഫംഗത്തിന് കൊവിഡ് 19; നെതന്യാഹു നിരീക്ഷണത്തിൽ

ലോകത്തെ കൊറോണ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി രാഷ്ട്രത്തലവന്മാർക്ക് വരെ കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റ് പല രാഷ്ട്രീയ നേതാക്കൾ നിരീക്ഷണത്തിലുമാണ്.

ഇസ്രായേൽ പ്രധാനമന്ത്രിയായ ബെന്യാമിൻ നെതന്യാഹുവും ഇപ്പോൾ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെതന്യാഹുവിന്റെ സ്റ്റാഫംഗത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് നെതന്യാഹുവും സഹായിയും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പരിശോധന ചെയ്ത് ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ നെതന്യാഹു തുടരും. പ്രധാനമന്ത്രിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന സ്റ്റാഫ് അംഗത്തിനാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ സ്റ്റാഫംഗത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് കൊണ്ടാണ് താൻ നിരീക്ഷണത്തിൽ കഴിയുന്നതെന്ന് പ്രധാനമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

 

കൊറോണ സ്ഥിരീകരിച്ച നെതന്യാഹുവിന്റെ സ്റ്റാഫ് അംഗം കഴിഞ്ഞ ആഴ്ചയിൽ നടന്ന പാർലമെന്റ് സെഷനിലും സന്നിഹിതനായിരുന്നു. കൊറോണ വൈറസ് കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര സഖ്യ സർക്കാർ ഉണ്ടാക്കുന്നതിനുള്ള തിരക്കിട്ട നടപടികളാണ് ഇസ്രായേലിൽ നടന്നുകൊണ്ടിരുന്നത്. അതിനാൽ തന്നെ പ്രതിപക്ഷ നേതാക്കളുമായും വളരെ അടുത്ത് നെതന്യാഹുവിന്റെ സ്റ്റാഫ് അംഗം ഇടപഴകിയിരുന്നു. എന്നാൽ ഒരാഴ്ചത്തേക്ക് നെതന്യാഹുവിനെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാദം അദ്ദേഹത്തിന്റെ ഓഫീസ് അധികൃതർ തള്ളിയിട്ടുണ്ട്.

അധികം പേരുമായി ഇടപഴകൽ ഒഴിവാക്കാനാണ് ക്വാറന്റയിനിൽ ഇരിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. ഇതിലൂടെ സമൂഹ വ്യാപനം തടയാനാകുമെന്നും ഇസ്രായേൽ പ്രധാന മന്ത്രി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ഈ അടുത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Share this story