കാനഡക്ക് ഈ ആഴ്ച നിര്‍ണായകം; കേസുകള്‍ 6200ലേറെ

കാനഡക്ക് ഈ ആഴ്ച നിര്‍ണായകം; കേസുകള്‍ 6200ലേറെ
ഒട്ടാവ: കാനഡയെ സംബന്ധിച്ചിടത്തോളം കൊവിഡ്- 19 പ്രതിരോധത്തിന് ഈയാഴ്ച നിര്‍ണായകമാണെന്ന് പൊതുജനാരോഗ്യ ചീഫ് ഓഫീസര്‍ ഡോ.തെരേസ ടാം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഫലം ഈ ആഴ്ച വ്യക്തമാകും. കൂടുതല്‍ ശക്തമായ അകലം പാലിക്കല്‍ നടപടിക്രമങ്ങള്‍ വേണമോയെന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ദിവസങ്ങളില്‍ മനസ്സിലാക്കാനാകുമെന്നും അവര്‍ പറഞ്ഞു.

കാനഡയില്‍ നിലവില്‍ 6200ലേറെ പേരില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്റാരിയോ, ക്യൂബക്, ആല്‍ബര്‍ട്ട പ്രവിശ്യകളിലാണ് കൂടുതല്‍ കേസുകള്‍. ബ്രിട്ടീഷ് കൊളംബിയയില്‍ പുതിയ കേസുകളുടെ എണ്ണം കുറയുന്നുണ്ട്.

ഈ മാസം മുതലാണ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. രണ്ടാഴ്ച മുമ്പ് സ്‌കൂളുകളും വ്യാപാര- വ്യവസായ സ്ഥാപനങ്ങളും അടക്കുകയും കൂട്ടംകൂടുന്നത് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പത്‌നിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം രോഗമുക്തയായി.

Share this story