കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ച് ഉത്തര കൊറിയ
ലോകത്തൊട്ടാകെ കൊവിഡ് 19 പടർന്നുപിടിക്കുമ്പോൾ രാജ്യത്ത് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദം ആവർത്തിക്കുകയാണ് ഉത്തര കൊറിയ. വൈറസ് പടരാതിരിക്കാൻ അതിർത്തികൾ അടച്ചിട്ടത് ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഉത്തര കൊറിയ വിശദീകരിക്കുന്നത്. പക്ഷേ ഉത്തര കൊറിയയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് വാദിക്കുന്നവരുമുണ്ട്.
ലോകത്ത് മറ്റ് രാജ്യങ്ങൾ കൊവിഡിന്റെ അപകടം തിരിച്ചറിയുന്നതിനും വളരെ മുമ്പ് തന്നെ ആവശ്യമായ മുൻകരുതലുകളെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞതുകൊണ്ടാണ് രോഗ ഭീഷണി തടയാനായതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ചൈനയുമായുള്ള അതിർത്തികളെല്ലാം ജനുവരി അവസാനത്തോടെ തന്നെ അടച്ചിടുകയും അവരുമായുള്ള എല്ലാ തരത്തിലുള്ള വ്യാപാരബന്ധങ്ങളും താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഉത്തര കൊറിയയുടെ വിദേശ വ്യാപാരത്തിന്റെ വലിയൊരു പങ്ക് ചൈനയിൽ നിന്നാണ്. രാജ്യത്തെ അനൗദ്യോഗിക വിപണിയെ സജീവമായി നിലനിർത്തുന്ന കള്ളക്കടത്തുകാരെ തടഞ്ഞു. രാജ്യത്തെ എല്ലാ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഒരു മാസത്തേയ്ക്ക് നിരീക്ഷണത്തിലാക്കി. കിം ജോങ് ഉൻ എന്ന ഏകാധിപതിയോടുള്ള ഭയം ഉപയോഗപ്പെടുത്തി രാജ്യത്തെ ജനങ്ങളെ വീട്ടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരാക്കി. ഇതൊക്കെയാണ് ഉത്തര കൊറിയയെ കൊറോണ ഭീഷണിയിൽ നിന്ന് മാറ്റിനിർത്തിയതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
അതേസമയം ഉത്തര കൊറിയയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങൾ വാദിക്കുന്നു. കൊവിഡ് മൂലം അവിടെ ചിലർ മരിച്ചെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ രാജ്യങ്ങൾ പറയുന്നത്.
കൊറോണ പടർന്നാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പാർട്ടിയിലെ ഉന്നതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുതായി റിപ്പോർട്ടുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉപരോധങ്ങൾ മൂലം രാജ്യത്തെ പൊതുജനാരോഗ്യ രംഗം തീർത്തും ദുർബലമാണെന്ന യാഥാർത്ഥ്യം അറിയുന്ന കിം ജോങ് ഉൻ കൊവിഡിന്റെ പ്രത്യാഘാതങ്ങൾ നേരത്തെത്തന്നെ തിരിച്ചറിഞ്ഞെന്ന് ചില ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ അത് അതിവേഗം രാജ്യമൊട്ടാകെ പടർന്നുപിടിക്കുമെന്നതിൽ ഉത്തര കൊറിയയുടെ പൊതുജനാരോഗ്യ രംഗത്തെക്കുറിച്ച് അറിയുന്ന ആർക്കും സംശയമുണ്ടായിരിക്കില്ലെന്നും ഇവർ പറയുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
