കൊറോണ വൈറസ്: നിസ്സഹായതയോടെ യു എസ്; ഒറ്റ ദിവസം കൊണ്ട് 1169 പേര്‍ മരിച്ചു

കൊറോണ വൈറസ്: നിസ്സഹായതയോടെ യു എസ്; ഒറ്റ ദിവസം കൊണ്ട് 1169 പേര്‍ മരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ


ന്യൂയോര്‍ക്ക്: കൊറോണ വൈറസിന് മുന്നില്‍ അമേരിക്ക നിസ്സഹായതയോടെ പകച്ചു നില്‍ക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. ഒറ്റ ദിവസം കൊണ്ട് 1169 പേരാണ് മരിച്ചത്.

 

അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ് 19) മൂലമുള്ള മരണസംഖ്യ അയ്യായിരത്തിലധികമായി വര്‍ദ്ധിച്ചു. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ന്യൂയോര്‍ക്കിലാണ്.

 

അതേസമയം, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ മറ്റ് യുഎസ് ഗവര്‍ണര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 16,000 ആളുകള്‍ അണുബാധ മൂലം കൊല്ലപ്പെടാന്‍ സാധ്യതയുള്ള ന്യൂയോര്‍ക്ക് പോലുള്ള ഒരു സാഹചര്യവും അവരുടെ നഗരങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള തന്‍റെ ദൈനംദിന പത്രസമ്മേളനത്തില്‍, ഗേറ്റ്സ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഒരു സംഘം ഉദ്ധരിച്ച മരണങ്ങളുടെ കണക്കുകളിലേക്ക് ക്വോമോ ശ്രദ്ധ ആകര്‍ഷിച്ചു. ഈ കണക്കുകള്‍ പ്രകാരം, പകര്‍ച്ചവ്യാധി അവസാനിക്കുമ്പോഴേക്കും 16000 ന്യൂയോര്‍ക്കുകാരും 93,000 അമേരിക്കക്കാരും മരിക്കും.

 

കൊറോണ വൈറസ് കേസുകള്‍ ലോകത്താകമാനം ഒരു മില്ല്യണ്‍ കവിഞ്ഞു. 51000ത്തിലധികം ആളുകള്‍ മരിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ലോകാരോഗ്യ സംഘടനയുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളില്‍ കുറഞ്ഞത് 10,00,036 കേസുകളെങ്കിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 51,718 പേര്‍ മരിച്ചു.

Share this story