കൊവിഡ്-19: അമേരിക്കയില്‍ മരണ നിരക്ക് ഉയരുന്നു; വെള്ളിയാഴ്ച 1480 പേര്‍ മരിച്ചു

കൊവിഡ്-19: അമേരിക്കയില്‍ മരണ നിരക്ക് ഉയരുന്നു; വെള്ളിയാഴ്ച 1480 പേര്‍ മരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ


വാഷിംഗ്ടണ്‍: കൊവിഡ്-19 ബാധയേറ്റ് അമേരിക്കയില്‍ വെള്ളിയാഴ്ച 1,480 പേര്‍ മരണപ്പെട്ടു. ഒരു ദിവസത്തിനുള്ളില്‍ ഇത്രയും പേര്‍ മരണമടഞ്ഞത് അധികൃതരെ ആശങ്കപ്പെടുത്തുന്നു. വ്യാഴാച്ച 1,169 പേരാണ് മരിച്ചത്. അമേരിക്കയെ സൂപ്പര്‍ പവര്‍ എന്നാണ് അറിയപ്പെടുതെങ്കിലും സൂപ്പര്‍ പവര്‍ അമേരിക്കയും കോവിഡ് 19 ന് മുന്നില്‍ നിസ്സഹായതയോടെയാണ് നോക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ട്രാക്കര്‍ പറയുന്നതനുസരിച്ച് വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴ്ച രാത്രി 8.30 നും ഇടയില്‍ 1,480 പേരാണ് മരിച്ചത്. ഇതുവരെ യുഎസിലുടനീളമുള്ള മരണസംഖ്യ 7000 കവിഞ്ഞു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത്. ഇവിടെ മൂവായിരത്തിലധികം പേരാണ് മരിച്ചത്.

യുഎസ് അതിര്‍ത്തികളുമായി യാതൊരു ബന്ധവുമില്ലാത്ത ചൈനയിലാണ് ഈ വൈറസ് ഉത്ഭവിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍ തുടങ്ങിയ ചൈനയുമായി അടുത്തുള്ള രാജ്യങ്ങളിലേക്ക് അണുബാധ പടരുന്നത് മനസ്സിലാക്കാവുതേയുള്ളൂ. ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ അണുബാധ വ്യാപിച്ചതില്‍ അതിശയിക്കാനില്ല. പക്ഷേ അമേരിക്കയില്‍ രാവും പകലും നാലിരട്ടിയായി വര്‍ദ്ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച രാജ്യമെന്ന നിലയില്‍ അമേരിക്ക നിരവധി ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഒന്നാമതെത്തിയിരുന്നു. മരണനിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന രാജ്യമായി അമേരിക്കയും മാറിയേക്കുമെന്ന് ഭയപ്പെടുന്നു.

മികച്ച നിലവാരമുള്ള മെഡിക്കല്‍ സപ്ലൈസിന്‍റെ അഭാവം മൂലം മെഡിക്കല്‍ സ്റ്റാഫ് പ്രതിഷേധവുമായി രംഗത്തെത്തി. ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലും നഴ്സുമാരും മറ്റ് ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പ്ലക്കാര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. സര്‍ക്കാര്‍ അവര്‍ക്ക് മെച്ചപ്പെട്ട ഉപകരണങ്ങള്‍ നല്‍കണമെന്നാണ് അവരുടെ ആവശ്യം. കാരണം അതിന്‍റെ അഭാവത്തില്‍ അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുള്ളതു തന്നെ.

രാജ്യത്തൊട്ടാകെ 276,500 പേരെയാന് വൈറസ് ബാധിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 114,000 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 63,000 കേസുകള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നാണ്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഇപ്പോള്‍ സൈന്യത്തിന്‍റെ സേവനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ആശുപത്രികളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും നിര്‍മ്മാണത്തില്‍ മാത്രമാണ് സൈന്യം ഇതുവരെ ഏര്‍പ്പെട്ടിരുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. യുദ്ധം പോലെയുള്ള ഈ സാഹചര്യത്തിനെതിരെ പോരാടാന്‍ ആരും തയ്യാറല്ലെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.

‘കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഞങ്ങളുടെ ശ്രമത്തിന്‍റെ ഭാഗമായി സൈന്യത്തിന്‍റെ ഉത്തരവാദിത്തം ഞങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാരണം യുദ്ധം പോലുള്ള ഈ സാഹചര്യത്തെ നേരിടാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല. ഞങ്ങള്‍ യുദ്ധസമാനമായ അവസ്ഥയിലാണ്. അദൃശ്യനായ ഒരു ശത്രു മുന്നില്‍ നില്‍ക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Share this story