വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരിച്ചു

വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരിച്ചു

തുര്‍ക്കി വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരിച്ചു. 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവിലാണ് ടര്‍ക്കിഷ് വിപ്ലവ ഗായിക യാത്രയായത്. 28 വയസായിരുന്നു ഗായികയ്ക്ക്. വെള്ളിയാഴ്ച ഇസ്താംബൂളിലെ വീട്ടില്‍വെച്ചായിരുന്നു ഹെലിന്‍ ബോലെക് അന്തരിച്ചത്.

ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുര്‍ക്കി ഭരണകൂടം നിരോധനമേര്‍പ്പെടുത്തുകയും സഹഗായകരെ തടവില്‍വയ്ക്കുകയും ചെയ്തതിനെതിരേയാണ് ഹെലിന്‍ സമരം തുടങ്ങിയത്.

നിരോധിച്ച റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രന്റുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാറിന്റെ ആരോപണം. ഹെലന്‍ ഉള്‍പ്പെടുന്ന ബാന്റ് സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുകയുമായിരുന്നു. 2016ലാണ് ഗ്രൂപ്പ് യോറത്തിന് നിരോധനമേര്‍പ്പെടുത്തിയത്.

തുടര്‍ന്ന് ബാന്‍ഡ് അംഗമായ ഇബ്രാഹിം ഗോക്സെയ്ക്കൊപ്പമാണ് ഹെലിന്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ബാന്‍ഡിന്റെ നിരോധനം പിന്‍വലിക്കുക, കേസുകള്‍ അവസാനിപ്പിക്കുക, മറ്റുള്ളവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മൂന്നാഴ്ച മുമ്പ് ആരോഗ്യനില മോശമായ ഹെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share this story