കൊവിഡ് 19; സ്ഥിതി വഷളാകാന്‍ സാധ്യത, ജനങ്ങള്‍ക്ക് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

കൊവിഡ് 19; സ്ഥിതി വഷളാകാന്‍ സാധ്യത, ജനങ്ങള്‍ക്ക് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

കൊറോണ വൈറസ് ബാധ പാകിസ്താനില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വരും ദിനങ്ങളില്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ വിദേശരാജ്യങ്ങളിലെ സ്ഥിതി രാജ്യത്തുമുണ്ടാകുമെന്ന് ഇമ്രാന്‍ പറഞ്ഞു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണം. കൂടാതെ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായത് പോലെയുള്ള പ്രശ്നങ്ങള്‍ നമുക്കും ഉണ്ടാകാം. ലോക്ക്ഡൗണ്‍ കൊണ്ടുമാത്രം ഇതിന് പരിഹാരം കാണാന്‍ കഴിയില്ല. ജനങ്ങള്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പൊലീസിനും ഭരണകൂടത്തിനും ജനങ്ങളെ വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കേണ്ടി വരും, ഇമ്രാന്‍ വ്യക്തമാക്കി. രാജ്യത്ത് മരണനിരക്ക് കുറവായതിനാല്‍ കൊവിഡ് ബാധിക്കുന്നത് പതുക്കെയാണെന്നുള്ളത് തെറ്റായ വിചാരമാണ്.

വൈറസ് വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കാനും സാഹചര്യം വഷളാകാനും സാധ്യതയുണ്ടെന്നും ഇമ്രാന്‍. രാജ്യത്ത് മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രവര്‍ത്തികമല്ല. ജനങ്ങള്‍ സ്വയം നിയന്ത്രിതര്‍ ആകുകയാണ് വേണ്ടത്. വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 4,409 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പാകിസ്താനില്‍ 64 പേര്‍ മരിച്ചു.

Share this story