കൊവിഡ് 19; ലോകത്ത് ബാധിതരായവരുടെ എണ്ണം 14,89,457 ആയി

കൊവിഡ് 19;  ലോകത്ത് ബാധിതരായവരുടെ എണ്ണം 14,89,457 ആയി

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 87,292 ആയി. ആകെ 14,89,457 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3,18,876 പേർ രോഗം ബേധമായി ആശുപത്രി വിടുകയും ചെയ്തു. പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാൻസ്. ഇന്നലെ മാത്രം ഫ്രാൻസിൽ 514 പേർ മരിച്ചതോടെ അവിടെ ആകെ മരണം 10,869 ആയി. ബ്രിട്ടനിൽ ഇന്നലത്തെ 938 മരണങ്ങളടക്കം ആകെ മരിച്ചവരുടെ എണ്ണം 7,097 ആയി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ബോറിസ് ഉടൻ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്നും രാജ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു.

 

ഇറാനിൽ മരിച്ചവരുടെ എണ്ണം 3,993 ആയി. നെതർലന്റ്സിൽ 2,248ഉം ജർമനിയിൽ 2,105ഉം പേർ രോഗം ബാധിച്ച് മരിച്ചു. അരലക്ഷത്തിലേറെ രോഗികളുളള രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ജർമനിയുടേതാണ്. രോഗനിർണയ പരിശോധനയുടെ എണ്ണത്തിലും ജർമനിയാണ് മുൻപിൽ. ബെൽജിയത്തിൽ 24 മണിക്കൂറിനിടെ 205 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഇതുവരെ 2,240 പേർ മരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ മരണസംഖ്യ 200 ആണ്. സ്വിറ്റ്സർലന്റിൽ 895 പേരും തുർക്കിയിൽ 812 പേരും പോർച്ചുഗലിൽ 380 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 706 ആയി ഉയർന്നപ്പോൾ സ്വീഡനിൽ 687 പേർ മരിച്ചു. ഇന്തോനേഷ്യ-240, ഓസ്ട്രിയ-273, ഫിലിപ്പൈൻസ്-182, ഡെൻമാർക്ക്-203, ജപ്പാൻ-93, കാനഡ-381, ഇറാഖ്-65, ഇക്വഡോർ-220 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ഫിലിപ്പൈൻസും കൊളംബിയയും ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീട്ടി. അതേസമയം ചൈനയിൽ ഇന്നലെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസമായി. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനിൽ ലോക്ഡൗൺ അവസാനിപ്പിച്ചു. റഷ്യയിൽ ഒറ്റദിവസത്തെ കേസുകൾ ആയിരം കടന്നു. ഇന്തൊനീഷ്യ, മെക്സ്‌ക്കോ എന്നിവിടങ്ങളിലും പുതിയ കേസുകളിൽ റെക്കോർഡ് വർധനയുണ്ടായിട്ടുണ്ട്. ഫിലിപ്പൈൻസ് ലോക്ക്ഡൗൺ 30 വരെയും കൊളംബിയ ക്വാറന്റീൻ രണ്ടാഴ്ചത്തേക്കും നീട്ടി.

 

628 മരണങ്ങളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ 542 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടെന്ന് സ്പെയിനിലെ ആശുപത്രികളിലെ കണക്കുകളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ആഴ്ചകളിലുണ്ടായിരുന്നത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ രാജ്യത്തെ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സ്പെയിൻ സർക്കാർ. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇറ്റലിയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ട്. രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് മാർച്ച് പത്തിന് ശേഷം ഏറ്റവും കുറവ് രോഗികൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇന്റൻസീവ് കെയർ യൂണിറ്റുകളുടെ ആവശ്യവും കുറഞ്ഞത് ആശുപത്രി അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി. രോഗവ്യാപനത്തിന്റെ കാര്യത്തിൽ കാര്യമായ കുറവുള്ളതിനാൽ അധികം വൈകാതെ തന്നെ സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയൻ സർക്കാർ.

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,214 ആയി. 4,18,044 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22,184 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 17,709 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിൽ ഇന്നലെ മാത്രം 1,373 പേരാണ് മരിച്ചത്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മരണസംഖ്യയുടെ നിരക്ക് കുറയ്ക്കാനാകാത്തതിന്റെ ആശങ്കയിലാണ് ന്യൂയോർക്ക്.

ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ് ന്യൂയോർക്കിൽ ഇന്നലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 779 മരണങ്ങളാണ്. 6,268 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ഒന്നരലക്ഷത്തിനടുത്ത് ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു. അതേസമയം ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. ന്യൂയോർക്ക്, ന്യൂജഴ്സി, ലൂസിയാന എന്നിവിടങ്ങളിൽ രോഗം മൂർധന്യാവസ്ഥയിലെത്തിയെന്നും ഇനി രോഗികളുടെ എണ്ണം കുറയാനാണ് സാധ്യതയെന്നുമാണു വിലയിരുത്തൽ.

അമേരിക്കയിൽ ഇന്നലെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തൻപുരയിൽ മേരിയും തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂരുമാണ് ഇന്നലെ രാത്രി മരിച്ചത്. രണ്ട് പേരും കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. 82 വയസ്സുകാരനായ ടെന്നിസന് വാർദ്ധക്യസഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

Share this story