കാനഡയില്‍ ഫുഡ് ബാങ്കുകള്‍ പ്രതിസന്ധിയില്‍; അതും ആവശ്യക്കാര്‍ ഏറിയ സമയം

കാനഡയില്‍ ഫുഡ് ബാങ്കുകള്‍ പ്രതിസന്ധിയില്‍; അതും ആവശ്യക്കാര്‍ ഏറിയ സമയം

ഒട്ടാവോ: കോവിഡ് ബാധ കാരണം കാനഡയിലെ ഫുഡ് ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി ഫുഡ് സെന്റര്‍ ആണ് ഫുഡ് ബാങ്കുകള്‍. രാജ്യത്തുടനീളം ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും സംഭാവനകളും കുറഞ്ഞതും കാരണം ഇവയില്‍ അധികവും പൂട്ടി.

ടൊറൊന്റോയില്‍ മാത്രം 40 ശതമാനത്തിലേറെ ഫുഡ് ബാങ്കുകള്‍ പൂട്ടി. കോവിഡ് ലോക്ക്ഡൗണ്‍ കാരണം കുടിയേറ്റക്കാരടക്കം നിരവധി പേര്‍ക്ക് ജോലിയും വരുമാനവും നഷ്ടപ്പെട്ടതിനാല്‍ അടിയന്തിര ഭക്ഷ്യവിതരണത്തിന് ഏറെ ആവശ്യക്കാരുള്ള സമയമാണിത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഫുഡ് ബാങ്കുകളില്‍ അഭൂതപൂര്‍വ്വമായ തിരക്കുണ്ടായിരുന്നു. പലരും മുമ്പെങ്ങും ഫുഡ് ബാങ്കിനെ ആശ്രയിക്കാത്തവരായിരുന്നു.

അതേസമയം, ടൊറൊന്റോയിലെ ദി സ്‌റ്റോപ് എന്ന ഫുഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തിലേറെ ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. അതേസമയം, രണ്ട് വലിയ ഫണ്ട് റൈസര്‍മാര്‍ ഒഴിഞ്ഞതും വളണ്ടിയര്‍മാര്‍ ഇല്ലാത്തതും ദി സ്റ്റോപിനെയും വലയ്ക്കുന്നുണ്ട് ഫുഡ് ബാങ്കുകള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ 100 മില്യന്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story