പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് ബാധിച്ചത് 22,073 ആരോഗ്യ പ്രവർത്തകർക്ക്

പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് ബാധിച്ചത് 22,073 ആരോഗ്യ പ്രവർത്തകർക്ക്

കൊവിഡ് 19 പ്രതിരോധത്തിനിടെ 52 രാജ്യങ്ങളിൽ നിന്നുള്ള 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചതായി ലോകാരോഗ്യ സംഘടന. ഏപ്രിൽ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം 22,073 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിന്റെ കൃത്യമായ വിവരങ്ങൾ രാജ്യങ്ങൾ നൽകുന്നില്ലെന്നും ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തുന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമികി നിഗമനം

അതേസമയം കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,08,770 ആയി ഉയർന്നു. അമേരിക്കയിലാണ് നിലവിൽ സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1808 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തെമ്പാടുമായി കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം പിന്നിട്ടു

അമേരിക്കയിൽ ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ വീതം മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികം പേരും അമേരിക്ക, ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നാണ്.

ന്യൂയോർക്ക് നഗരത്തിൽ മാത്രം 7800 ലേറെ പേർ മരിച്ചിട്ടുണ്ട്. 1.7 ലക്ഷം രോഗികളാണ് നഗരത്തിലുള്ളത്. അമേരിക്കയിൽ അമ്പതിനായിരത്തിന് മുകളിൽ ആളുകൾ മരിച്ചേക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞത്.

 

Share this story