കൊവിഡ്-19 പിടിപെട്ടതറിയാതെ യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാര്‍ അമേരിക്കയിലുടനീളം യാത്ര ചെയ്തു

കൊവിഡ്-19 പിടിപെട്ടതറിയാതെ യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാര്‍ അമേരിക്കയിലുടനീളം യാത്ര ചെയ്തു

മൊയ്തീന്‍ പുത്തന്‍‌ചിറ

ബോസ്റ്റണ്‍: യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഇതുവരെ 23,640 പേര്‍ മരിച്ചു. അതേസമയം, രോഗബാധിതരുടെ എണ്ണം 586,941 കവിഞ്ഞു. മസാച്യുസെറ്റ്സിലെ ഒരു കമ്പനിയില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ കമ്പനിയായ ബയോജെന്‍ ജീവനക്കാര്‍ വഴി കൊറോണ വൈറസ് മസാച്ചുസെറ്റ്സില്‍ നിന്ന് ഇന്ത്യാന, ടെന്നസി, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാര്‍ച്ച് ആദ്യ വാരത്തില്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സിഇഒ മൈക്കല്‍ വോട്ട്നോസ്, നിരവധി വര്‍ഷത്തെ കഠിനാധ്വാനത്തിനുശേഷം അല്‍ഷിമേഴ്സ് മരുന്നിന്‍റെ വിജയത്തെക്കുറിച്ച് ബോസ്റ്റണില്‍ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടി സംസാരിച്ചിരുന്നു.  ഈ കോണ്‍ഫറന്‍സില്‍ ബയോജന്‍ കമ്പനിയുടെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം തന്നെ കൊറോണ വൈറസ് ബാധിച്ചിരുന്നു. എന്നാല്‍ അവര്‍ക്കത് അറിയില്ലായിരുന്നു. ഈ സമ്മേളനത്തിനുശേഷം, കമ്പനിയിലെ ജീവനക്കാര്‍ കുടുംബങ്ങളുമായി വിമാനത്തില്‍ ഇന്ത്യാന, ടെന്നസി, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലേക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും യാത്ര ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലെങ്കിലും വൈറസ് പടരാന്‍ ഇവരുടെ യാത്ര കാരണമായി എന്നാണ് പറയുന്നത്. മസാച്യുസെറ്റ്സ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കനുസരിച്ച്, ഇന്ത്യാനയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രണ്ട് കേസുകള്‍ രണ്ടും ബയോജെന്‍ ജീവനക്കാരാണ്.

Share this story