കൊവിഡ്-19: സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ചര്‍ച്ച നടത്തി

കൊവിഡ്-19: സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ചര്‍ച്ച നടത്തി

മൊയ്തീന്‍ പുത്തന്‍‌ചിറ

ആല്‍ബനി (ന്യൂയോര്‍ക്ക്): കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതനുസരിച്ച് തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പ്രാദേശികമായി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഏകോപിപ്പിക്കുവാനായി ന്യൂജേഴ്സി, കണക്റ്റിക്കട്ട്, പെന്‍‌സില്‍‌വാനിയ, റോഡ് ഐലന്‍ഡ്, ഡെലവെയര്‍ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരുമായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി.

ഓരോ സംസ്ഥാനവും അതാത് സര്‍ക്കാരുകളിലെ ഒരു പൊതുജനാരോഗ്യ ഉദ്യോഗസ്ഥന്‍, ഒരു സാമ്പത്തിക വികസന ഉദ്യോഗസ്ഥന്‍, ഓരോ ഗവര്‍ണറുടെയും സ്റ്റാഫ് മേധാവി എന്നിവരടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് അവര്‍ വഴി വിവരങ്ങള്‍ ശേഖരിക്കും.

വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, അവശ്യ തൊഴിലാളികളുടെ വിഭാഗം വിപുലീകരിക്കുക എന്നിവ പ്രഥമ മുന്‍‌ഗണനകളായിരിക്കുമെന്ന് ക്യൂമോ പറഞ്ഞു.

സംസ്ഥാനങ്ങളുടെ പരസ്പരബന്ധിതമായ സമ്പദ്‌വ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഒരു പ്രാദേശിക സമീപനം ഏറ്റവും അര്‍ത്ഥവത്താണെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും കണക്റ്റിക്കട്ട് ഗവര്‍ണര്‍ നെഡ് ലാമോണ്ടും പറഞ്ഞു.

കണക്റ്റിക്കട്ടിലെ എല്ലാ പകര്‍ച്ചവ്യാധികളും ഐ 95 ഹൈവേ, മെട്രോ നോര്‍ത്ത് ട്രെയിന്‍ സര്‍‌വീസ് എന്നിവയിലൂടെയാണ് വ്യാപരിക്കുന്നത്. ന്യൂയോര്‍ക്കിനും കണക്റ്റിക്കട്ടിനുമിടയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതെന്ന കാര്യവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണെന്ന് ലാമോണ്ട് പറഞ്ഞു. ഇവ രണ്ടും ഇരുകൂട്ടരുടേയും യാത്രാ ഇടനാഴിയാണ്, പക്ഷേ ഇത് കൊവിഡ്-19ന്റെ ഇടനാഴി കൂടിയാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് വളരെ പ്രധാനമാണെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ബിസിനസ്സുകള്‍ എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കുള്ള പരമാധികാരം തനിക്കാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ പ്രഖ്യാപനം വന്നയുടനെയാണ് ഗവര്‍ണ്ണര്‍മാരായ ക്യൂമോ, മര്‍ഫി, ലാമോണ്ട്, പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വുള്‍ഫ്, ഡെലവെയര്‍ ഗവര്‍ണര്‍ ജോണ്‍ കാര്‍ണി, റോഡ് ഐലന്‍ഡ് ഗവര്‍ണര്‍ ഗിന റൈമോണ്ടോ എന്നിവരില്‍ നിന്നുള്ള പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

സംഘര്‍ഷവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിനായി, വ്യാജ വാര്‍ത്താ മാധ്യമങ്ങളില്‍ ചിലര്‍ പറയുന്നത് സംസ്ഥാനങ്ങള്‍ തുറക്കാനുള്ള തീരുമാനം ഗവര്‍ണ്ണര്‍മാരുടേതാണ്, പ്രസിഡന്റിന്റേയും ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെയും തീരുമാനമല്ല എന്നാണ്. അത് തെറ്റായ സന്ദേശമാണെന്ന് എല്ലാവരും പൂര്‍ണ്ണമായി മനസ്സിലാക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

2020 മെയ് ഒന്നിനകം രാജ്യം വീണ്ടും പഴയ പടിയാകുമെന്നാണ് ട്രം‌പിന്റെ പുതിയ കണ്ടുപിടിത്തം. നേരത്തെ ഏപ്രില്‍ 12-ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ എല്ലാ പള്ളികളിലും വിശ്വാസികളെക്കൊണ്ട് നിറയണം എന്നായിരുന്നു ട്രം‌പ് പറഞ്ഞത്. നിയന്ത്രണങ്ങള്‍ വേഗത്തില്‍ എടുത്തുകളയുന്നത് ദുരന്തകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണറും മറ്റുള്ളവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ആശുപത്രികളില്‍ രോഗികളുടെ വരവ് കുറയുന്നത് കോവിഡ്-19ന്‍റെ വ്യാപനം കുറയുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. കര്‍ശനമായ സാമൂഹിക അകലം പാലിച്ചതിനാലും ചില അവശ്യ ബിസിനസുകള്‍ ഒഴികെ മറ്റെല്ലാം സംസ്ഥാനവ്യാപകമായി അടച്ചുപൂട്ടിയതിനാലുമാണത്. പക്ഷെ, ഈ വൈറസ് പുനരുജ്ജീവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ക്യൂമോ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ച് 671 ന്യൂയോര്‍ക്കുകാരാണ് ഞായറാഴ്ച മരണമടഞ്ഞത്. അതിനാല്‍ സംസ്ഥാനം ഒരു ദുരന്തഭൂമിയായിത്തീര്‍ന്നു എന്ന് തിങ്കളാഴ്ച നടന്ന കോണ്‍ഫറന്‍സില്‍ ക്യൂമോ പറഞ്ഞു. മരണസംഖ്യ സംസ്ഥാനവ്യാപകമായി 10,056 ആയിരിക്കുകയാണ്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബാറുകളും റസ്റ്റോറന്‍റുകളും ഉള്‍പ്പെടെയുള്ള ചെറുകിട ബിസിനസുകളെ വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനായി എംപയര്‍ സ്റ്റേറ്റ് അധിഷ്ഠിത ബിസിനസ്സ് ഗ്രൂപ്പുകളുടെ ഒരു സഖ്യം ഒരു ബഹുമുഖ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു.

ബിസിനസ്സ് തടസ്സപ്പെടുന്നതിലൂടെ നഷ്ടപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നല്‍കണമെന്നും, ഫെഡറല്‍ കെയര്‍സ് ആക്റ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശമ്പളപരിപാലന പരിരക്ഷാ പദ്ധതി പ്രകാരം വായ്പാ കുടിശിഖയ്ക്ക് മാപ്പ് അനുവദിക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ ക്യൂമോ, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ എന്നിവര്‍ക്ക് ഗ്രൂപ്പ് ഒരു രൂപരേഖ നല്‍കിയിട്ടുണ്ട്. വില്‍പ്പന നികുതി പിരിവ് ഗ്രാന്‍റുകളാക്കി മാറ്റുന്നതും, വാടക, മോര്‍ട്ട്ഗേജ് പേയ്‌മെന്‍റുകള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതും ചെറുകിട ബിസിനസ്സ് സംരക്ഷിക്കാനുള്ള രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share this story