അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,000 കടന്നു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,000 കടന്നു

കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 25195 ആയി. 603496 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 38,015 പേർക്ക് രോഗം ഭേദമായി. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1555 പേരാണ് മരിച്ചത്. 16555 പേർക്കാണ് രാജ്യത്ത് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽ മാത്രം 10834 പേർ മരിച്ചു. ഇവിടെ മാത്രം 2 ലക്ഷത്തിലധികം രോഗികളാണുള്ളത്. വെർജീനിയയിൽ ഇന്നലെ ഒരു നഴ്സിംഗ് ഹോമിൽ മാത്രം മരിച്ചത് 42 പേരാണ്. വയോജനങ്ങളെ മാത്രം പാർപ്പിക്കുന്ന ഇവിടുത്തെ 163 അന്തേവാസികളിൽ 127 പേരും രോഗികളാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു.

അതേസമയം നിശ്ചിത സമയത്തിന് മുമ്പെ ലോക്ക്ഡൗൺ പിൻവലിക്കാനാകുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ഇതിനുള്ള പദ്ധതി തയ്യാറാകുന്നതായും ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കി വ്യാപാര മേഖല തുറക്കാനാണ് ട്രംപിന്റെ നീക്കമെന്നാണ് സൂചന. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വൻദുരന്തമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ ഏപ്രിൽ 30 വരെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

Share this story