കൊവിഡിൽ അമേരിക്കയിൽ മരണം നാൽപ്പതിനായിരം കടന്നു; ലോകമെമ്പാടുമായി 24 ലക്ഷം കൊവിഡ് ബാധിതർ

കൊവിഡിൽ അമേരിക്കയിൽ മരണം നാൽപ്പതിനായിരം കടന്നു; ലോകമെമ്പാടുമായി 24 ലക്ഷം കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം ഏഴര ലക്ഷം കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്. യുഎസിൽ മരണസംഖ്യ നാൽപ്പതിനായിരം കടന്നതായാണ് ഏറ്റവും പുതിയ വാർത്ത. അതേസമയം അമേരിക്ക മോശം അവസ്ത തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്

സ്ഥിതി നിയന്ത്രണവിധേയമാകുന്നതിന് മുമ്പേ ലോക്ക് ഡൗൺ പിൻവലിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ രംഗത്തുവന്നു. രോഗനിർണയ മാർഗങ്ങൾ വർധിപ്പിക്കാതെ ലോക്ക് ഡൗൺ പിൻവലിക്കുന്നത് കൂടുതൽ ദുരന്തത്തിലേക്ക് എത്തിക്കുമെന്ന് ഇവർ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നൽകി

യൂറോപ്പിൽ മരണനിരക്ക് കുറയുന്നുണ്ട്. ഇസ്രായേലും ദക്ഷിണ കൊറിയയും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ആരാധനാലയങ്ങൾക്കും കായിക മത്സരങ്ങൾക്കുമാണ് ദക്ഷിണ കൊറിയ ഇളവുകൾ വരുത്തിയത്.

ബ്രിട്ടനിൽ കൊവിഡിൽ 16000ത്തിലേറെ പേർ മരിച്ചു. കെയർ ഹോമുകളിൽ മാത്രം ഏഴായിരത്തിലധികം പേർ മരിച്ചിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഫ്രാൻസിൽ 19000 ജീവനുകളാണ് കൊവിഡിൽ പൊലിഞ്ഞത്. കൊവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്ത് ഫ്രാൻസിലും ഇളവുകൾ അനുവദിച്ചു തുടങ്ങി

അതേസമയം അൽജീരിയ, മൊറോക്കോ, ക്രോയേഷ്യ, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ലോക്ക് ഡൗൺ നീട്ടി. നൈജീരിയയിൽ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൊവിഡ് ബാധിച്ച് മരിച്ചു. ലാറ്റിനമേരിക്കയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. പെറുവിൽ 15000ത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 500 പേർ മരിച്ചു.

Share this story