കാനഡയിലെ നോവ സ്‌കോടിയയിൽ വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

കാനഡയിലെ നോവ സ്‌കോടിയയിൽ വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

കാനഡയിലെ നോവ സ്‌കോടിയയിൽ അക്രമി നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. പോലീസ് വേഷം ധരിച്ചെത്തിയ അക്രമിയാണ് വെടിയുതിർത്തത്. ഒരു പോലീസ് ഉദ്യോഗസ്ഥയടക്കം 16 പേരാണ് ആക്രമണത്തിൽ മരിച്ചത്.

കാനഡയിൽ ഏറ്റവുമധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട ആക്രമണമാണിത്. 51കാരനായ ഗബ്രിയേൽ വാട്മാൻ എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് കനേഡിയൻ പോലീസ് അറിയിച്ചു. ഇയാൾ പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു.

തന്റെ വാഹനം പോലീസ് വാഹനത്തെ പോലെ രൂപമാറ്റം നടത്തി പോലീസ് യൂനിഫോം ധരിച്ചാണ് ഇയാൾ എത്തിയത്. അറ്റ്‌ലാന്റിക് പ്രവിശ്യയിലെ വിവിധ മേഖലകളിലാണ് ഇയാൾ ആക്രമണം നടത്തിയത്. 12 മണിക്കൂറോളം നേരം നീണ്ടുനിന്ന ആക്രമണത്തിന് ശേഷമാണ് ഇയാളെ വെടിവെച്ചു കൊല്ലാൻ പോലീസിന് സാധിച്ചത്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് കനേഡിയൻ പോലീസ് അറിയിച്ചു. തോക്കുപയോഗിക്കുന്നതിനുള്ള നിയമങ്ങൾ കാനഡയിൽ കർശനമായതിനാൽ അമേരിക്കയിലേത് പോലെ വെടിവെപ്പ് സംഭവങ്ങൾ രാജ്യത്ത് കുറവാണ്. 1989ൽ മോൺട്രിയയിൽ 15 സ്ത്രീകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതാണ് രാജ്യത്ത് ഇതിന് മുമ്പ് നടന്ന ഏറ്റവും വലിയ കൂട്ടക്കൊല

Share this story