കാനഡയില്‍ വിപണി തുറക്കുന്നുണ്ടെങ്കില്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി

കാനഡയില്‍ വിപണി തുറക്കുന്നുണ്ടെങ്കില്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി

ഒട്ടാവ: രാജ്യത്തെ പല മേഖലകളും വിപണി പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഇതുവരെ പുലര്‍ത്തിയ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൈയൊഴിയരുതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പൂര്‍ണമായും കോവിഡ് മുക്തിയിലെത്തിയിട്ടില്ലെന്ന എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടായിരിക്കണം പെരുമാറ്റമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവില്‍ അടിയന്തിരഘട്ടത്തില്‍ തന്നെയാണ്. സാമൂഹിക അകലം പാലിക്കുന്നതും വീട്ടില്‍ തന്നെ ഇരിക്കുന്നതും ഇനിയും തുടരണം. ഓരോ പ്രവിശ്യക്കും വിപണി പുനരാരംഭിക്കാന്‍ വേണ്ട വ്യക്തി സംരക്ഷണ ഉപകരണം (പി പി ഇ) ഉണ്ടെന്ന് ഉറപ്പാക്കാന്‍ അതത് സര്‍ക്കാരുകളുമായി ഏകോപനം നടത്തും.

അടിയന്തര വേതന സബ്‌സിഡി പദ്ധതി ജൂണിനപ്പുറത്തേക്ക് നീട്ടുമെന്ന് കഴിഞ്ഞ ദിവസം ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ 20 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. മാര്‍ച്ചില്‍ ഇത് പത്ത് ലക്ഷമായിരുന്നു. നിലവില്‍ കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമാണ്. ശനിയാഴ്ച രാത്രി വരെ 67702 പേര്‍ക്കാണ് കാനഡയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 31262 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. 4803 പേരാണ് മരിച്ചത്.

Share this story