ലോകത്ത് 41.5 ലക്ഷം കൊവിഡ് രോഗികൾ; മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു

ലോകത്ത് 41.5 ലക്ഷം കൊവിഡ് രോഗികൾ; മരിച്ചവരുടെ എണ്ണം 2.83 ലക്ഷം കടന്നു

ലോകത്തെമ്പാടുമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41.5 ലക്ഷം കടന്നു. വൈറസ് ബാധിതരായി 2.83 ലക്ഷത്തിലധികം പേരാണ് ഇതിനോടകം മരിച്ചത്. അമേരിക്കയിൽ മാത്രം 13.5 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 80,000ത്തിലേറെ പേർ മരിച്ചു

അതേസമയം രോഗവ്യാപനം ആദ്യഘട്ടത്തിൽ ശക്തമായിരുന്ന സ്‌പെയിനിലും ഇറ്റലിയിലും നിലവിൽ മരണനിരക്ക് കുറയുന്നത് ആശ്വാസകരമാണ്. സ്‌പെയിനിൽ രണ്ട് മാസത്തിനിടെ ഒരു ദിവസത്തെ ഏറ്റവും കുറവ് മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

റഷ്യയിലും ഫ്രാൻസിലും ജർമനിയിലും മരണനിരക്ക് കുറയുകയാണ്. എന്നാൽ അമേരിക്കയിൽ രോഗം അതീവ രൂക്ഷമായി തന്നെ പടരുകയാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പ്രസിഡന്റ് ട്രംപ് പരാജയപ്പെട്ടതായി മുൻ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി ആരോപിച്ചു.

ബ്രിട്ടനിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്ന നിർദേശം ഒഴിവാക്കി. രോഗമുക്തി സ്വന്തമാക്കിയതിന് പിന്നാലെ ചൈനയിൽ പുതിയ കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യാനാരംഭിച്ചത് കടുത്ത ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ഇതിനോടം 2109 പേരാണ് മരിച്ചത്.

Share this story