മരണകാരണമായേക്കാം; ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം നിർത്തി ലോകാരോഗ്യസംഘടന

മരണകാരണമായേക്കാം; ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം നിർത്തി ലോകാരോഗ്യസംഘടന

കൊവിഡിനെതിരായ മരുന്നെന്ന് ലോകം വിശ്വസിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ദൂഷ്യവശങ്ങൾ തുറന്നുകാട്ടി ലോകാരോഗ്യസംഘടന. മരുന്നിന്റെ ഉപയോഗം ഡബ്ല്യുഎച്ച്ഒ തടഞ്ഞു. കൊവിഡ് രോഗികളിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് മരണം വേഗത്തിലാക്കുമെന്ന പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് നടപടി.

‘ദി ലാൻസെറ്റ് മെഡിക്കൽ ജേണൽ’ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന തലവൻ തെദ്രോസ് അധനോം വെർച്വൽ വാർത്താ സമ്മേളനത്തിലൂടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം നിർത്തിവച്ചതായി അറിയിച്ചത്. കൊവിഡിനെതിരായ പരീക്ഷണങ്ങൾക്കായി നൂറ് കണക്കിന് ആശുപത്രികൾ പങ്കാളികളായ സോളിഡാരിറ്റി ട്രയലിൽ നിന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം നിർത്തിയിട്ടുണ്ട്.

ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത് കൊവിഡ് രോഗികളിൽ ഹാർട്ട് ആർത്രീമിയ പോലുള്ള രോഗങ്ങക്ക് ഇടയാക്കുമെന്നാണ് ലാൻസെറ്റ് സ്റ്റഡിയുടെ കണ്ടെത്തൽ. എന്നാൽ മലേരിയ, ഓട്ടോ ഇമ്യൂൺ രോഗികൾ എന്നിവരിൽ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നും പഠനത്തിൽ പറയുന്നു.

ആർത്രൈറ്റിസ് പോലുള്ള രോഗത്തിനാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കുന്നത്. എന്നാൽ മരുന്നിന് കൊവിഡിനെ ചെറുക്കാനാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അമേരിക്ക പോലുള്ള രാജ്യങ്ങൾ മരുന്ന് അമതിയളവിൽ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് അമേരിക്കയ്ക്ക് മരുന്ന് കയറ്റി അയച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിനായി താൻ ദിവസേന ഹൈഡ്രോക്‌സി ക്ലോറോക്വിൻ കഴിക്കാറുണ്ടെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തി. ബ്രസീൽ ആരോഗ്യമന്ത്രിയും കൊവിഡ് രോഗികളിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Share this story