വർണ വെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച് ജോർജ് ഫ്ലോയ്ഡ് മടങ്ങി; മരണാനന്തര ചടങ്ങിലെത്തിയത് ആയിരങ്ങൾ

വർണ വെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച് ജോർജ് ഫ്ലോയ്ഡ് മടങ്ങി; മരണാനന്തര ചടങ്ങിലെത്തിയത് ആയിരങ്ങൾ

അമേരിക്കയിൽ വർണ വെറിക്കിരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. അമേരിക്കയിലെ കറുത്ത വർഗക്കാരനായ ഒരു പൗരൻ എന്ന നിലയിൽ നിന്ന് വർണവെറിക്കെതിരെ ലോകത്തെ ഒരുമിപ്പിച്ച മനുഷ്യനായാണ് ഫ്ലോയ്ഡ് മടങ്ങുന്നത്. ലോകത്ത് ഇനിയും അവസാനിക്കാത്ത വർണവെറിയ്ക്കെതിരെയുള്ള പോരാട്ടം സമാന്തരമായി തുടരുമെന്ന സന്ദേശമാണ് ജോർജ് ഫ്ലോയ്ഡ് നൽകുന്നത്.

4 മണിക്കൂർ നീണ്ട മരണാനന്തര ചടങ്ങ് അമേരിക്കയിലെ എല്ലാ പ്രധാന ടെലിവിഷൻ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്തിരുന്നു. പള്ളിയിൽ നിന്ന് ഹൂസ്റ്റണിലെ വീട്ടിലേക്കുള്ള യാത്ര അടക്കം ചാനലുകൾ തത്സമയം സപ്രേഷണം ചെയ്തു. 2500ഓളം ആളുകളാണ് ജോർജിൻ്റെ മിനിയാപൊളിസിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയത്. ജോർജ് ജനിച്ചു വളർന്ന നോർത്ത് കരോളിനയിലെ വീട്ടിൽ 6000ഓളം ആളുകൾ എത്തിയിരുന്നു. മുൻപ് വെളുത്ത വർഗക്കാരായ പൊലീസുകാർ കൊലപ്പെടുത്തിയ കറുത്ത വർഗക്കാരുടെ പ്രിയപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തു.

മൃതദേഹത്തിന് പൊലീസുകാർ സല്യൂട്ട് നൽകി. ടെക്സാസിലെ പിയർലാൻഡിലുള്ള സ്വകാര്യ സെമിത്തേരിയിലാണ് ജോർജിനെ അടക്കം ചെയ്തത്.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.

ഡെറിക് ഷോവിനൊപ്പം ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

Share this story