ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം; പാർലമെന്റ് അംഗീകരിച്ചു

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം; പാർലമെന്റ് അംഗീകരിച്ചു

തുറന്ന അതിർത്തി പങ്കിടുന്ന നേപ്പാളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു. ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് ഈ തീരുമാനം

ഇന്ത്യൻ പ്രദേശങ്ങളായിരുന്ന കാലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങൾ പുതിയ ഭൂപടം പ്രകാരം നേപ്പാൾ അതിർത്തിയിലാണ്. ചൈനയുമായി 1962ൽ യുദ്ധം നടന്നതിന് ശേഷം ഇന്ത്യ സൈനിക നിരീക്ഷണം ശക്തമാക്കിയ തന്ത്രപ്രധാനമായ പ്രദേശങ്ങളാണിത്.

ഇന്ത്യയുടെ ആശ്രിത രാഷ്ട്രമായിരുന്ന നേപ്പാളുമായി അടുത്തിടെയാണ് നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ വന്നു തുടങ്ങിയത്. ചൈനയോടുള്ള നേപ്പാളിന്റെ വിധേയത്വത്തിന് പിന്നാലെയാണ് പുതിയ ഭൂപടം തയ്യാറായിരിക്കുന്നത്. ഇന്ന് ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ 275 അംഗങ്ങളിൽ 258 പേരാണ് പങ്കെടുത്തത്. എല്ലാവരും ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

Share this story