24 ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

24 ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗികൾ രണ്ടുപേരും യുകെയിൽ നിന്ന് എത്തിയവരാണ്. തുടർച്ചയായി 24 ദിവസം ഒരു കേസും റിപ്പോർട്ട് ചെയ്യാതിരുന്നതിന് പിന്നാലെയാണ് ഇന്ന് രണ്ട് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

മൂന്നാഴ്ചയിലേറെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതോടെ സാമൂഹികവും സാമ്പത്തികവുമായ നിയന്ത്രണങ്ങൾ ന്യൂസിലാൻഡ് പിൻവലിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ലോകത്തെ തന്നെ ആദ്യ രാജ്യമായിരുന്നു ന്യൂസിലാൻഡ്. പക്ഷേ ഇന്ന് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത് തിരിച്ചടിയാണ്.

ഭാവിയിൽ കൂടുതൽ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസീന്ത ആർഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. പുറത്തു നിന്ന് വരുന്നവരെ കൃത്യമായി ക്വാറന്റൈൻ ചെയ്താണ് ന്യൂസിലാൻഡ് കൊവിഡ് വ്യാപനം തടഞ്ഞു നിർത്തുന്നത്.

Share this story