ജോര്‍ജ് ഫ്‌ളോയിഡ് സംഭവം: കലാപശ്രമമെന്ന് ആരോപിച്ച് 315 പ്രൊഫൈലുകള്‍ ഫേസ്ബുക്ക് ബ്ലോക്ക്‌ചെയ്തു

ജോര്‍ജ് ഫ്‌ളോയിഡ് സംഭവം: കലാപശ്രമമെന്ന് ആരോപിച്ച് 315 പ്രൊഫൈലുകള്‍ ഫേസ്ബുക്ക് ബ്ലോക്ക്‌ചെയ്തു

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ അമേരിക്കന്‍ പോലീസ് കാല്‍മുട്ടുകൊണ്ട് ഞെരിച്ചുകൊന്ന സംഭവത്തെത്തുടര്‍ന്ന് അമേരിക്കയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് ആരോപിച്ച് 315 ഓളം പേരുടെ പ്രൊഫൈലുകള്‍ ഫേസ്ബുക്ക് ബ്ലോക്ക്‌ചെയ്തു. അമേരിക്കയില്‍ രണ്ടാം ആഭ്യന്തരയുദ്ധത്തിനിറങ്ങാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന വിധമുള്ള സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചില പ്രൊഫൈലുകള്‍ നീക്കം ചെയ്തതെന്ന് ഫേസ്ബുക്ക് ആസ്ഥാനം വ്യക്തമാക്കി. നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളിലുള്‍പ്പടെ പ്രതികളായിട്ടുള്ള 10 പേരാണ് ഇത്തരം ചില ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഫേസ്ബുക്ക് സൂചിപ്പിച്ചു.

കറുത്തവര്‍ഗ്ഗക്കാരുടെ അവകാശസംരക്ഷണത്തിനെന്ന പേരില്‍ രാജ്യത്തുടനീളം അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് കണ്ടെത്തിയ ഈ പ്രൊഫൈലുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിര്‍ച്വല്‍ ഇടങ്ങളില്‍ നിന്നും യഥാര്‍ഥ ലോകത്തിലേക്ക് പരക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്നും ഫേസ്ബുക്ക് പറഞ്ഞു. ജോര്‍ജ് ഫ്‌ളോയിഡ് സംഭവം കത്തിനിന്ന സമയത്ത് അമേരിക്കയിലെ ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വധിച്ച കേസിലെ പ്രതിയുടെ പ്രൊഫൈലും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

രണ്ടാം ആഭ്യന്തരയുദ്ധത്തിനിറങ്ങുന്ന ‘ബൂഗാലു’ മുന്നേറ്റത്തിന്റെ ഭാഗമെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ചില മീമുകളും മറ്റും പങ്കുവെയ്ക്കുന്നവരെ ഫേസ്ബുക്ക് പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പോലീസിന്റെ കാല്‍മുട്ടിനടിയില്‍ ശ്വാസംമുട്ടി മരണത്തോട് മല്ലിടുന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ ചിത്രം കലാപത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇത്തരം സന്ദേശങ്ങളില്‍ ആകൃഷ്ടരാകുന്ന ചെറുപ്പക്കാരെ തീവ്രവാദഗ്രൂപ്പുകള്‍ക്ക് എളുപ്പം റിക്രൂട്ട് ചെയ്യാനാകുമെന്നതിനാല്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

Share this story