സ്വകാര്യ ക്ലിനിക്കുകളെ ബാധിക്കുന്ന ബില്ലിനെതിരെ കാനഡയിലെ ഡോക്ടര്‍മാര്‍

സ്വകാര്യ ക്ലിനിക്കുകളെ ബാധിക്കുന്ന ബില്ലിനെതിരെ കാനഡയിലെ ഡോക്ടര്‍മാര്‍

ഒട്ടാവ: സ്വകാര്യ സര്‍ജിക്കല്‍ ക്ലിനിക്കുകളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ ആരോഗ്യ ബില്ലിനെതിരെ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ ഡോക്ടര്‍മാര്‍. സ്വകാര്യ സര്‍ജിക്കല്‍ ക്ലിനിക്കുകളുടെ അനുമതി കാലാവധി വെട്ടിക്കുറക്കുന്നതും ഡോക്ടര്‍മാരുമായി നേരിട്ട് ആരോഗ്യ മന്ത്രാലയത്തിന് കരാറിലേര്‍പ്പെടാന്‍ സാധിക്കുന്നതും ക്ലിനിക്കുകളുടെ ഭരണം ഏറ്റെടുക്കാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതുമാണ് ബില്‍.

ഡോക്ടര്‍മാരുടെ വരുമാനത്തെ ബാധിക്കുന്നതാണിത്. ഫെബ്രുവരിയില്‍ ആല്‍ബര്‍ട്ട മെഡിക്കല്‍ അസോസിയേഷനുമായുള്ള പ്രധാന കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തന്നെ ഡോക്ടര്‍മാരുടെ വരുമാനത്തെ ബാധിച്ചിരുന്നു. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് കരാര്‍ റദ്ദാക്കിയത് എന്നായിരുന്നു അന്ന് ആരോഗ്യ മന്ത്രി പറഞ്ഞത്. ബില്‍ പാസ്സാക്കുന്നതിലൂടെ ഓരോ രോഗിയില്‍ നിന്നും ഫീസ് വാങ്ങുന്നതിന് പകരം കരാര്‍ ഒപ്പുവെച്ച് ശമ്പളം പറ്റുന്ന രീതിയിലാകും.

അസോസിയേഷനുമായി ചര്‍ച്ച ചെയ്തല്ല ബില്‍ തയ്യാറാക്കിയതെന്ന് എ എം എ പ്രസിഡണ്ട് ഡോ. ക്രിസ്റ്റിന്‍ മൊല്‍നാര്‍ പറഞ്ഞു. ആരോഗ്യ മേഖലയെ കൂടുതല്‍ സ്വകാര്യവത്കരിക്കാനുള്ള തുടക്കമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്വകാര്യ സര്‍ജറി സ്ഥാപനങ്ങള്‍ക്ക് ഷോപ്പുകള്‍ സംവിധാനിക്കാന്‍ ഇതിലൂടെ എളുപ്പമാകും. മാത്രമല്ല, ക്ലിനിക്കുകള്‍ നടത്താന്‍ സ്വകാര്യ കമ്പനികളുമായി നേരിട്ട് ആരോഗ്യ മന്ത്രാലയത്തിന് കരാറില്‍ ഏര്‍പ്പെടാമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Share this story