റഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങൾ! അമേരിക്കൻ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരം

റഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങൾ! അമേരിക്കൻ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരം

ടെക്‌സസ്: കൊറോണ വൈറസ് വ്യാപനത്തെ ഏറ്റവും അധികം പുച്ഛിച്ചിരുന്നത് ഒരുവേള അമേരിക്കക്കാര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവും അമേരിക്കയാണ്. മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും.

ന്യൂയോര്‍ക്ക് ആയിരുന്നു ആദ്യഘട്ടത്തില്‍ ഏറ്റവും അധികം രോഗബാധയുണ്ടായ നഗരം. ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും തികയാതെ അവിടെ നരകജീവിതം ആയിരുന്നു ഏറെനാള്‍. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളെല്ലാം നിറഞ്ഞുകവിയുകയും ഒടുവില്‍ റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട സഹചര്യവും വന്നു.
ന്യൂയോര്‍ക്കിലെ സ്ഥിതി ഇപ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല. അതിനിടയിലാണ് മറ്റ്  നഗരങ്ങളില്‍ കൂടി സമാനമായ സ്ഥിതിവിശേഷങ്ങള്‍ സംജാതമായിരിക്കുന്നത്.

ന്യൂയോര്‍ക്കിന് ശേഷം മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളാണ് ടെക്‌സസും അരിസോണയും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മോര്‍ച്ചറികളും ശവപ്പുരകളും എല്ലാം ഇവിടങ്ങളിലും നിറഞ്ഞുകവിഞ്ഞിരിക്കുകയാണത്രെ. മരണത്തിന്റേയും രോഗവ്യാപനത്തിന്റേയും കണക്കില്‍ കാലിഫോര്‍ണിയയും ന്യൂ ജേഴ്‌സിയും ഫ്‌ലോറിഡയും ഒക്കെയാണ് ന്യൂയോര്‍ക്കിന് പിറകിലുള്ളത്.

റഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങൾ! അമേരിക്കൻ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരം

സാന്‍ അന്റോണിയോ, കോര്‍പ്പസ് ക്രിസ്റ്റി തുടങ്ങിയ നഗരങ്ങളാണ് മൃതദേഹ പരിപാലനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നത്. കൂടുതല്‍ ഫ്രീസര്‍ ട്രക്കുകള്‍ക്കും ട്രെയ്‌ലറുകള്‍ക്കും ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പരിതപിക്കുന്നത്. മാരികോപ്പ കൗണ്ടി 14 റഫ്രിജറേറ്റഡ് ട്രക്കുകള്‍ക്കാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 294 മൃതദേഹങ്ങള്‍ ഇതില്‍ സൂക്ഷിക്കാനാകും എന്നാണ് അധികൃതര്‍ പറയുന്നത്.

ഇത്രയധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സെമിത്തേരികളിലും സൗകര്യമില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ദിവസങ്ങള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചുവയ്ക്കുകയും വേണ്ടിവരുന്നു. ഇതാണ് മോര്‍ച്ചറികളും മോര്‍ഗുകളും നിറയാനുള്ള മറ്റൊരു കാരണം.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ കൊവിഡ് ബാധയില്‍ മരിച്ച രാജ്യമാണ് അമേരിക്ക. ഇപ്പോള്‍ തന്നെ ഒരുലക്ഷത്തി നാല്‍പതിനായിരം മരണങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രോഗവ്യാപനത്തിനാണെങ്കില്‍ ഇപ്പോഴും ഒരു കുറവും ഇല്ല. പ്രസിഡന്റ് ട്രംപ് ഇപ്പോഴാണ് മാക്‌സ് ധരിക്കാനെങ്കിലും തുടങ്ങിയത്.

അമേരിക്കയിലെ സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡിനെ അതിന്റെ ഗൗരവത്തില്‍ പരിഗണിക്കാന്‍ ട്രംപ് തയ്യാറായില്ല. ട്രംപ് അനുകൂലികളും ഇത്തരത്തില്‍ രംഗത്തിറങ്ങിയത് രോഗവ്യാപനത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

Share this story