അമേരിക്കൻ പൗരാവകാശ സമര നായകൻ ജോൺ ലൂയിസ്​ വിടവാങ്ങി

അമേരിക്കൻ പൗരാവകാശ സമര നായകൻ ജോൺ ലൂയിസ്​ വിടവാങ്ങി

അറ്റ്​ലാൻ്റ: അമേരിക്കക്കൻ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ചരിത്ര മുഖം ജോൺ ലൂയിസ് (80) വിടവാങ്ങി. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കറുത്തവർഗക്കാരെ മനുഷ്യരായി പരിഗണിക്കൂ എന്ന് വിളിച്ചു പറഞ്ഞ് 1965 ൽ 25–ാം വയസ്സിൽ 600 പ്രതിഷേധക്കാരെ നയിച്ച് ലൂയിസ്, മോണ്ട്ഗോമറി സെൽമയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ നടത്തിയ മാർച്ച് യുഎസ് മനുഷ്യാവകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്.

വിവേചനത്തിനെതിരെ പോരാടിയ, മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള 6 മഹാരഥന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ലൂയിസ്. 1965 ലെ സമരം ഉൾപ്പെടെ കിങ് ജൂനിയറിനൊപ്പം വിമോചന സമരങ്ങളിൽ ലൂയിസ് മുന്നിൽ നിന്നു. ഇരുകൈകളും കോട്ടിന്റെ പോക്കറ്റിലിട്ട് മാർച്ച് നയിച്ച ലൂയിസിനെ പൊലീസ് അതിക്രൂരമായി മർദിച്ചു. തലയോട് പൊട്ടി ചോരയൊലിച്ച് കിടന്നപ്പോഴും കൈകൾ കോട്ടിന്റെ പോക്കറ്റിൽ നിന്നെടുക്കാതിരുന്ന ലൂയിസിന്റെ ചിത്രം കറുത്തവർ നേരിടുന്ന അതിക്രമങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചു.

‘ബ്ലഡി സൺഡേ’യിലെ ഈ സമരവും തുടർന്ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നയിച്ച സമരങ്ങളും അമേരിക്കയിൽ കറുത്ത വർഗക്കാർക്കു വോട്ടവകാശം ലഭിക്കുന്നതിലേക്കു നയിച്ചു. അലബാമയിലെ പൈക് കൗണ്ടിയിൽ 1940 ഫെബ്രുവരി 21ന് കർഷക കുടുംബത്തിലാണു ലൂയിസിന്റെ ജനനം. വംശീയതയുടെ പേരിൽ ലൈബ്രറി കാർഡ് നിഷേധിക്കപ്പെട്ടതിനെതിരെ തുടങ്ങിയതാണ് ലൂയിസിന്റെ സമരജീവിതം. ട്രോയി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ കറുത്ത വർഗക്കാരനായ വിദ്യാർഥിയായി ലൂയിസ്.

18–ാം വയസ്സിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറുമായി സൗഹൃദത്തിലായത് സമരോത്സുക ജീവിതത്തിലെ വഴിത്തിരിവായി.

1963ലെ വാഷിങ്ടൻ റാലിയിൽ മാർട്ടിൻ ലൂഥർ കിങ് ‘എനിക്കൊരു സ്വപ്നമുണ്ട് (ഐ ഹാവ് എ ഡ്രീം)’ എന്ന ചരിത്രപ്രസിദ്ധ പ്രസംഗം നടത്തുമ്പോൾ അരികിൽ ലൂയിസുണ്ടായിരുന്നു. ‘ഐ ഹാവ് എ ഡ്രീം’ പ്രസംഗം കുറെക്കൂടി ശക്തവും വിമർശനപരവുമാകണമെന്ന നിലപാടായിരുന്നു ലൂയിസിന്. കിങ് അത് മയപ്പെടുത്തുകയായിരുന്നു. ഇത് ശരിവയ്ക്കുംവിധം കിങ്ങിനു തൊട്ടുമുൻപ് അതേ വേദിയിൽ നടന്നത് ഒട്ടും മയപ്പെടുത്താത്ത ഒരു തീപ്പൊരി പ്രസംഗമാണ്, അതു ജോൺ ലൂയിസിന്റേതായിരുന്നു. 1963 ൽ സ്റ്റുഡന്റ് നോൺവയലന്റ് കോ ഓർഡിനേറ്റിങ് കമ്മിറ്റി അധ്യക്ഷനായി. 1981 ൽ അറ്റ്ലാന്റ സിറ്റി കൗൺസിൽ അംഗമായി രാഷ്ട്രീയത്തിലെത്തി. ദീർഘകാലം ജനപ്രതിനിധി സഭാംഗവുമായിരുന്നു ജോൺ ലൂയിസ്.

2016 ൽ ഡമോക്രാറ്റ് നേതൃത്വത്തിൽ ‘തോക്ക് ലൈസൻസി’നെതിരെ കോൺഗ്രസിൽ കുത്തിയിരിപ്പു സമരത്തിനു നേതൃത്വം നൽകിയതും ലൂയിസായിരുന്നു. ആ സമരത്തീ അണഞ്ഞിട്ടില്ലെന്നു തെളിയിച്ച് ഈയിടെ നടന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭത്തിലും ലൂയിസ് അണിചേർന്നു‌.

Share this story