‘അമേരിക്കൻ വാങ്ങുക’ ബൈഡന്റെ മുദ്രാവാക്യം

‘അമേരിക്കൻ വാങ്ങുക’ ബൈഡന്റെ മുദ്രാവാക്യം

യുഎസ് സമ്പദ്ഘടനയുടെ ശക്തി വീണ്ടെടുക്കാൻ 700 ബില്യൺ ഡോളറിന്റെ ഒരു പദ്ധതി ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുള്ള മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ ആവിഷ്ക്കരിച്ചു‌. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഉൽപ്പാദനത്തിലും അമേരിക്ക കേന്ദ്രീകൃതമായ സമീപനമാണ് തന്റേതെന്ന് തെരഞ്ഞെടുപ്പ് വർഷത്തിൽ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ബൈഡൻ.

നവംബറിലെ തെരഞ്ഞെടുപ്പിൽ തൊഴിലാളിവർഗത്തിന്റെ വോട്ടുകൾക്കായുള്ള മത്സരത്തിൽ പ്രസിഡന്റ് ട്രംപിന് വലിയൊരു വെല്ലുവിളി ഉയർത്തിയിട്ടുള്ള ബൈഡൻ ട്രംപിന്റെ “അമേരിക്ക ആദ്യം” എന്ന സാമ്പത്തിക അജണ്ടക്കെതിരെയാണ് “അമേരിക്കൻ വാങ്ങുക” എന്ന മുദ്രാവാക്യം ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സംഭരണം, അടിസ്ഥാനസൗകര്യങ്ങൾ, ഗവേഷണം, വികസനം എന്നിവയിൽ രണ്ടാം ലോക യുദ്ധത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പൊതുനിക്ഷേപമായിരിക്കും ഇതെന്നാണ് അദ്ദേഹം പറയുന്നത്. യുഎസിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി അടുത്ത 4 വർഷങ്ങളിൽ ഫെഡറൽ ഗവണ്മെന്റ് 400 ബില്യൺ ഡോളർ ചിലവഴിക്കുമെന്നു ബൈഡൻ പറയുന്നു. പുതിയ സാങ്കേതികവിദ്യകളുടെയും ക്ളീൻ ഊർജ്ജത്തിന്റെയും ഗവേഷണ-വികസനപ്രവർത്തനങ്ങൾക്കായി 300 ബില്യൺ ഡോളറാകും ചിലവഴിക്കുക.

അമേരിക്കക്കാരെ അമേരിക്കാർക്കെതിരെ തിരിച്ചുവിടുന്ന വിഭാഗീയതയുടെ രാഷ്ട്രീയത്തിന് താനില്ലെന്ന് വ്യക്തമാക്കുന്ന ബൈഡൻ കോവിഡ് മഹാമാരി തരണം ചെയ്യുന്നതിന് ചെറുകിട ബിസിനസുകാരെയും മധ്യവർഗക്കാരെയും സഹായിക്കേണ്ട സമയമാണിതെന്നും പറയുന്നു.

നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റ്, ട്രാൻസ്-പസിഫിക് പാർട്ണർഷിപ് തുടങ്ങിയ വ്യാപാര കരാറുകൾക്ക് ബൈഡൻ നൽകുന്ന പിന്തുണയെ വിമർശിച്ചു കൊണ്ട് ട്രംപിന്റെ പ്രചാരണസംഘം നൽകിയ ടെലിവിൻ പരസ്യത്തിന് പിന്നാലെയാണ് ബൈഡൻ പെൻസിൽവേനിയയിൽ അദ്ദേഹത്തിന്റെ പരിപാടി പ്രഖ്യാപിച്ചത്.

യുഎസിലെ ഉൽപ്പാദനമേഖലയെ വീണ്ടും കരുത്താർജ്ജിപ്പിക്കുമെന്നും ഗ്രാമീണ അമേരിക്കയിലേക്ക് തൊഴിലുകൾ എത്തിക്കുമെന്നും 2016ൽ വാഗ്ദാനംചെയ്ത ട്രംപ് വഞ്ചനയാണ് കാട്ടിയതെന്നു ബൈഡൻ കുറ്റപ്പെടുത്തുന്നു.

700 ബില്യൺ ഡോളറിന്റെ പദ്ധതിക്കായി പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് ഉയർന്ന വരുമാനക്കാർക്ക് ട്രംപ് നൽകിയ നികുതിയിളവുകൾ റദ്ദാക്കുമെന്നും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സമ്പന്നരായ അമേരിക്കക്കാർക്കും നികുതികൾ കൂട്ടുമെന്നുമാണ് ബൈഡൻ മറുപടി നൽകുന്നത്.

400,000 ഡോളറിനു മുകളിൽ വരുമാനമുള്ളവർക്ക് നിലവിലെ 37% നികുതി 39.6% മായി ഉയർത്തുമെന്നും കോർപ്പറേറ്റ് നികുതി നിരക്ക് 21%ത്തിൽനിന്നും 28%മായി ഉയർത്തുമെന്നും ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഗവണ്മെന്റിന്റെ ആരോഗ്യ സംരക്ഷണ പദ്ധതി വിപുലപ്പെടുത്തുന്നതും പ്രീ-കിൻഡർഗാർട്ടൻ വിദ്യാഭ്യവും സാർവത്രികമാക്കുന്നതും പോലുള്ള പദ്ധതികൾക്കായി അടുത്ത 10 വർഷങ്ങളിൽ 6 ട്രില്യൺ ഡോളർ ചിലവഴിക്കുമെന്നു ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനു പുറമെയാണ് ഇപ്പോൾ 700 ബില്യൺ ഡോളറിന്റെ പദ്ധതികൾ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്.

നികുതികൾ വർദ്ധിപ്പിക്കുന്നതിലൂടെയും നികുതിയിളവുകൾ റദ്ദാക്കുന്നതിലൂടെയും ബൈഡൻ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾക്കായി 4 ട്രില്യൺ ഡോളർ മാത്രമാണ് സമാഹരിക്കാൻ കഴിയുക. ഫെഡറൽ കമ്മി വർധിക്കുമെന്നാണ് അതിനർത്ഥം. പുതിയ വരുമാന സ്രോതസ്സുകളെക്കുറിച്ചൊന്നും ബൈഡൻ പറഞ്ഞിട്ടില്ല.

പുതിയ ചിലവുകൾക്കായുള്ള പണം “സ്ഥായിയായ” രീതിയിൽത്തന്നെ കണ്ടെത്തുമെന്നാണ് ബൈഡന്റെ പ്രചാരണസഹായികൾ പറയുന്നത്. സമ്പദ്ഘടനയ്ക്ക് താൽക്കാലിക ഉത്തേജനം മാത്രം നൽകുന്ന പാക്കേജുകളൊന്നും പ്രഖ്യാപിക്കില്ലെന്നും അവർപറയുന്നു. കടുത്ത മാന്ദ്യത്തെ നേരിടുന്ന ഒരു സമ്പദ്ഘടനയാകും നവംബറിലെ തെരഞ്ഞെടുപ്പിനുശേഷം ഏറ്റെടുക്കേണ്ടിവരുകയെന്നാണ് കരുതപ്പെടുന്നത്.

കമ്മി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ട്രംപ് അധികാരമേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ ഭരണത്തിൽ അത് ബലൂൺപോലെ വീർത്തു വരുകയാണുണ്ടായത്. 2017ൽ പ്രഖ്യാപിച്ച നികുതിയിളവുകൾ വരുമാന നഷ്ടമുണ്ടാക്കിയപ്പോൾ അത് പരിഹരിക്കാൻ ആവശ്യമായത്ര നടപടികളൊന്നും ഉണ്ടായില്ല. ഇതിനു പുറമെ അടുത്തിടെ മഹാമാരിയെ നേരിടാൻ ട്രില്യൺ കണക്കിന് ഡോളറിന്റെ ആശ്വാസപദ്ധതികൾ പ്രഖ്യാപിക്കേണ്ടിവന്നു.

പലിശനിരക്കുകൾ പൂജ്യത്തോട് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കടം വാങ്ങേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് ഗവണ്മെന്റ് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബൈഡന്റെ പ്രചാരണ സംഘവുമായി സഹകരിക്കുന്നവരുൾപ്പടെ ഡെമോക്രാറ്റിക്‌ പക്ഷത്തുള്ള സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനുള്ള അജണ്ടകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ രണ്ടാമതൊരു തവണ കൂടി അമേരിക്കക്കാർക്ക് നേരിട്ട് പണം നൽകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

യുഎസ് ഗവണ്മെന്റിന്റെ ചിലവഴിക്കലുകളിൽ “അമേരിക്കൻ വാങ്ങുക” എന്നതിന് ഊന്നൽ നൽകുമെന്ന് പറയുന്ന ബൈഡന്റെ ലക്ഷ്യം ഉൽപ്പാദനമേഖലയിലും ഗവേഷണമേഖലയിലും മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. കൊറോണ വൈറസ് മഹാമാരി സൃഷ്ടിച്ചനാശത്തെ നേരിടുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.

കൊറോണ വൈറസ് മഹാമാരിയെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ട്രംപ് വളരെവൈകിയെന്നആരോപണം ബൈഡൻ ആവർത്തിക്കുന്നു. മഹാമാരി അമേരിക്കയുടെ ദൗർബ്ബല്യങ്ങൾ തുറന്നു കാട്ടിയ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളോടുള്ള അമേരിക്കയുടെ ആശ്രിതത്വം കുറക്കേണ്ടതുണ്ട്.

മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമായി ചൈനയെയും മറ്റു രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നു. വ്യക്തികൾക്കുള്ള സംരക്ഷണ ഉപകരണങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ മേഖലകളിൽ അമേരിക്കയുടെ ഉൽപ്പാദനം വർധിപ്പിക്കും. ഇതിനായി കോൺഗ്രസ്സിൽ ഇരുകക്ഷികളുമുൾപ്പെട്ട ശക്തമായി ക്കൊണ്ടിരിക്കുന്ന നീക്കം പ്രയോജനപ്പെടുത്തും.

കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ അമേരിക്കയിലെ ആശുപത്രികളിൽ മെഡിക്കൽ ഉൽപ്പന്നങ്ങൾക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു.

കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലും ദേശീയതലത്തിലും നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ ട്രംപിനെക്കാൾ മുന്നിലാണ് ബൈഡനെങ്കിലും സാമ്പത്തിക പരിപാടികളിൽ പ്രസിഡന്റിന്റെ അംഗീകാരം വർധിക്കുകയാണ്.

1988നു ശേഷം പെൻസിൽവാനിയയിൽ വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു ട്രംപ്. അടുത്തിടെ നടന്ന വോട്ടെടുപ്പിൽ അവിടെ ട്രംപ് പിന്നിലാണ്.പെൻസിൽവേനിയയിൽ ബൈഡന് 6.5 പോയിന്റുകളുടെ ലീഡാണുള്ളത്.

സ്ക്രൻടോണിൽ ജനിച്ച ബൈഡൻ പലപ്പോഴും സംസ്ഥാനവുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധങ്ങൾ ഉയർത്തിക്കാട്ടാറുണ്ട്. കഴിഞ്ഞ വർഷം പിറ്റസ്ബർഗിൽ നിന്നുമാണ് പ്രചാരണം തുടങ്ങിയത്. പ്രചാരണസംഘത്തിന്റെ ആസ്ഥാനം ഫിലാഡെൽഫിയയാണ്.

തൊഴിലാളിവർഗത്തിന്റെ ചാമ്പ്യൻ എന്നാണു അവകാശപ്പെടുന്നതെങ്കിലും ട്രംപിന് അവരുമായി ഒരു ബന്ധവുമില്ലെന്നാണ് ബൈഡൻ പറയുന്നത്. ട്രംപിൽ നിന്നും ഭിന്നമായ ഒരു രീതിയിലാണ് താൻ അമേരിക്കയെ കാണുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയെ നയിക്കാൻ തീരെ യോഗ്യതയില്ലാത്ത ആൾ ആണ് ട്രംപെന്നും ബൈഡൻ പറഞ്ഞു.

Share this story