ഹോങ്കോങില്‍ പുതിയ 73 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

ഹോങ്കോങില്‍ പുതിയ 73 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

ഹോങ്കോങ്: തിങ്കളാഴ്ച ഹോങ്കോങില്‍ 73 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏഴുപേര്‍ പുറത്തു നിന്നും വന്നവരാണെന്നും ഇതോടെ നഗരത്തിലെ കോവിഡ് രോഗികളുടെ എണ്ണം 1958 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രോഗബാധിതരായ ബാക്കി 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതില്‍ 27 പേരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനായിട്ടില്ല.

പുതുതായി സ്ഥിരീകരിച്ച രോഗികളെല്ലാം പ്രധാനമായും നേരത്തെ രോഗവ്യാപനമുണ്ടായ പ്രദേശങ്ങളുമായി ബന്ധപ്പെട്ടവരാണ്. രണ്ടുപേര്‍ക്ക് ഒരു ജന്മദിന പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ക്ക് ക്ലിനിക്കില്‍ നിന്നുമാണ് രോഗബാധയുണ്ടായത്. പുതിയ കേസുകളില്‍ 24 എണ്ണം കുടുംബാംഗങ്ങളില്‍ നിന്നാണ് രോഗം ബാധിച്ചത്.

ഹോങ്കോങില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ 170ലേറെ പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗബാധയുടെ അവസ്ഥകള്‍ മനസ്സിലാക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി ആവശ്യമായി വരുമെന്ന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷനിലെ ഡോ. ഷുവാങ് ഷക് ക്വാന്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തെ രോഗബാധ വിലയിരുത്തി വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താനാവില്ലെന്നും ഇന്‍കുബേഷന്‍ പിരീഡ് ഉള്‍പ്പെടെ പരിഗണിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. നിലവില്‍ കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാണ് വിലയിരുത്തല്‍ നടത്തുന്നതെന്നും അവേര്‍ പറഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വര്‍ധനവ് അനുഭവപ്പെടുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ തുടര്‍ന്നു.

Share this story