മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ പിതാവിനായുള്ള തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ പിതാവിനായുള്ള തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

ക്യുബെക്ക്: മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളുടെ പിതാവിനെ കണ്ടെത്താനുള്ള തെരച്ചില്‍ ക്യുബെക് പ്രവിശ്യാ പൊലീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഒരാഴ്ച മുമ്പാണ് ക്യൂബെക് സിറ്റിക്ക് തെക്കുപടിഞ്ഞാറായി വനമേഖലയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച പെണ്‍കുട്ടികളുടെ പിതാവ് മാര്‍ട്ടിന്‍ കാര്‍പെന്റിയര്‍ക്കായുള്ള അന്വേഷണത്തില്‍ താത്ക്കാലികമായി മാറ്റം വരുത്തുകയാണെന്ന് പ്രവിശ്യാ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് എട്ടിന് മാര്‍ട്ടിന്റെ വാഹനം തകരാറായ നിലയില്‍ കണ്ടെത്തിയതിന് ശേഷം നിരവദി വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുകയും അതേക്കുറിച്ച് വിശകലനം നടത്തിയതായും പൊലീസ് അറിയിച്ചു. ലഭ്യമായ തെളിവുകളും വിവരങ്ങളും വെച്ച് എഴുന്നൂറിലേറെ വിലാസങ്ങളിലും കെട്ടിടങ്ങളിലും താമസകേന്ദ്രങ്ങളിലും ഉള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തി എന്നാല്‍ 44കാരനായ കാര്‍പെന്റിയറെ കുറിച്ച് ഇവിടങ്ങളില്‍ നിന്നൊന്നും വിവരങ്ങള്‍ ലഭ്യമായില്ല.

ക്യുബെക്കിലെ തങ്ങളുടെ മാതൃനഗരമായ ലെവിസില്‍ മാര്‍ട്ടിന്‍ കാര്‍പെന്റിയറേയും പതിനൊന്നും ആറും വയസ്സുള്ള പെണ്‍മക്കളായ നോറയേയും റോമിയേയും അവസാനമായി കണ്ടതിന് ഒരു മണിക്കൂറിന് ശേഷം സെന്റ് അപ്പോലിനെയറിലെ ഹൈവേ 20ലുണ്ടായ ഗുരുതരമായ വാഹനാപകടത്തില്‍ ഇവരുടെ കാര്‍ തകര്‍ന്നു കിടക്കുന്നതാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അപകട സ്ഥലത്തോ വാഹനത്തിലോ ആരുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍പെന്റിയറെ എവിടേയും കാണാനായില്ല. സെന്റ് അലോലിയനയര്‍, സെന്റ് അഗാപിറ്റ്, ലോറിയര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയതായി പൊലീസ് അറിയിച്ചു. നിരവധി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമായി നടത്തിയെങ്കിലും എവിടേയും കാര്‍പെന്റിയറെ കണ്ടെത്താനായില്ല.

അന്വേഷണ പ്രദേശത്തെ ഒരു ട്രെയിലറില്‍ നിന്ന് കാര്‍പെന്റിയര്‍ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആവശ്യമായ തെളിവുകളൊന്നും ലഭ്യമായില്ല.

പുതിയ വിവരങ്ങള്‍ക്കായി അന്വേഷണം മറ്റൊരു തരത്തിലേക്ക് മാറ്റുന്നതായും കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയ്ക്ക് അവരുടെ ജന്മനാടായ ലെവിസില്‍ സംസ്‌ക്കരിക്കും. കാര്‍പെന്റിയറെ കണ്ടെത്തുന്നതുവരെ പെണ്‍കുട്ടികളുടെ മരണ കാരണം വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു.

Share this story