ലോകമൊട്ടാകെയുള്ള വിസ സേവനങ്ങൾ പുനരാരംഭിക്കുന്നു; യുഎസ്

ലോകമൊട്ടാകെയുള്ള വിസ സേവനങ്ങൾ പുനരാരംഭിക്കുന്നു; യുഎസ്

ലോകമൊട്ടാകെയുള്ള യുഎസ് എംബസ്സികളും കോൺസുലേറ്റുകളും വിസ സേവനങ്ങൾ ഉടൻതന്നെ പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് അറിയിച്ചു. എന്നാൽ എപ്പോൾ, എവിടെയെന്നൊക്കെയുള്ള വിശദ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തിൽ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ യുഎസിലേക്കുള്ള കുടിയേറ്റവും യാത്രയും കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണം ലോകമൊട്ടാകെത്തന്നെ യുഎസിന്റെ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു.

അതിൽ ഏറ്റവും ഒടുവിലായി സ്വീകരിച്ച നടപടി വലിയ വിവാദമാകുകയും ചെയ്തു. വർഷാന്ത്യ സെമസ്റ്ററിൽ ഓൺലൈൻ ആയി മാത്രം ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നതിൽനിന്നും വിദേശ വിദ്യാർത്ഥികളെ വിലക്കിയ നടപടിയായിരുന്നു അത്. പല സംസ്ഥാനങ്ങളിലും നിയന്ത്രിതമായ വിധത്തിൽ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പല യുണിവേഴ്സിറ്റികളും ക്‌ളാസ്സുകൾ പൂർണ്ണമായും ഓൺലൈൻ ആയി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഫെഡറൽ ഗവണ്മെന്റിന്റെ തീരുമാനത്തെ ഒരു ഡസനിലധികം സംസ്ഥാനങ്ങളും 200 ലധികം യുണിവേഴ്സിറ്റികളും കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.

ജീവനക്കാർക്ക് അവരുടെ ഡിപ്പാർട്ടുമെന്റ് കേന്ദ്രങ്ങളിലേക്ക് സുരക്ഷിതരായി മടങ്ങിയെത്താൻ കഴിയുന്ന വിധത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ‘ഡിപ്ലോമസി സ്‌ട്രോങ്’ എന്ന ചട്ടക്കൂടുമായി ഏകോപിപ്പിച്ച് ഘട്ടം ഘട്ടമായിട്ടാകും സാധാരണയുള്ള വിസ സർവീസുകൾ പുനരാരംഭിക്കുകയെന്നാണ് ഡിപ്പാർട്ടുമെന്റിന്റെ ഒരു വക്താവറിയിച്ചത്.എന്നാൽ ഓരോ നയതന്ത്ര കാര്യാലയവും എപ്പോൾ വിസ സേവനം പുനരാരംഭിക്കുമെന്നു പറയാൻ കഴിയില്ല.അത് ഓരോ എംബസ്സിയുടെയും അല്ലെങ്കിൽ കോൺസുലേറ്റിന്റെയും വെബ്‌സൈറ്റിൽ നൽകും. തിങ്കളാഴ്ചയാണ് ഈ അറിയിപ്പുണ്ടായതെങ്കിലും രണ്ടു ദിവസങ്ങൾക്കു ശേഷവും ഏതെങ്കിലും ഒരു എംബസിയോ കോൺസുലേറ്റ് ഓഫീസോ വിസ സേവനം പുനരാരംഭിച്ചിട്ടില്ല.

മാർച്ചിൽ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അസാധാരണമായ ഒരു ഉത്തരവിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും നാട്ടിലേക്ക് മടങ്ങിവരാൻ അനുവദിച്ചു.പല തസ്തികകളിലും സ്റ്റാഫ് ഇല്ലാത്ത സ്ഥിതിയാണിപ്പോഴുള്ളത്. അതിനുപുറമെ വെയ്റ്റിംഗ് റൂമുകളിൽ ആൾക്കാർ തിങ്ങിനിറയാറുള്ള സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സേവനങ്ങൾ എങ്ങനെ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രശ്നവുമുണ്ട്.

മാർച്ച് 20 മുതൽക്കാണ് എല്ലാ യുഎസ് നയതന്ത്ര കാര്യാലയങ്ങളിലും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത്.ജീവൻ-മരണ പ്രശ്നങ്ങൾപോലുള്ള വളരെ അടിയന്തിര സ്വഭാവമുള്ളവക്ക് മാത്രമേ വിസ സേവനങ്ങൾ നൽകിയിരുന്നുള്ളു.

ഏതാനും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച് 1 ബി വിസ, എച്ച് 2 ബി വിസ, എൽ വിസ, ചില ജെ വിസകൾ എന്നിവയുടെ വിതരണം ഡിസംബർ 31വരെ നിർത്തിവെച്ചിരുന്നു. എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെ വളരെ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്ക് നൽകുന്നവയാണ് എച്ച് 1 ബി വിസകൾ. ഉൽപ്പാദനം,ഭക്ഷ്യസംസ്കരണം തുടങ്ങി സീസൺ അനുസരിച്ചുള്ള ജോലികൾക്കാണ് എച്ച് 2 ബി വിസകൾ നൽകുന്നത്.അധ്യാപകർ, ക്യാമ്പ് കൗൺസലർമാർ തുടങ്ങിയവർക്കാണ് ജെ വിസയുടെ നിരോധനം ബാധകമാകുന്നത്. സ്വന്തം കമ്പനികൾ യുഎസിലേക്ക് സ്ഥലം മാറ്റുന്നവർക്കാണ് എൽ വിസകൾ നൽകുന്നത്.

വിസ സർവീസുകൾ പുനരാരംഭിച്ചാലും പ്രസിഡന്റ് ട്രംപിന്റെ ഉത്തരവുകൾ പ്രകാരം രണ്ടു ഡസനിലധികം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. തൊട്ടുമുമ്പുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ചൈന, ഇറാൻ, യുകെ, അയർലണ്ട്. ബ്രസീൽ,യൂറോപ്പിലെ ഷെങ്കൻ മേഖല എന്നിവടങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്കാണ് നിരോധനം ബാധകമാകുന്നത്.ഫ്രാൻസ്, ജർമ്മനി, ഇറ്റലി,സ്പെയിൻ എന്നിവയുൾപ്പടെ 26 രാജ്യങ്ങൾ ഉൾപ്പെട്ടതാണ് യൂറോപ്പിലെ ഷെങ്കൻ മേഖല.

യുഎസ് അതിന്റെ വിസ സേവനങ്ങൾ പുനരാരംഭിക്കുകയാണെന്നു സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് അറിയിച്ചപ്പോൾത്തന്നെ ഒരു യുഎസ് കോൺസുലേറ്റ്‌ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചു. പെറുവിലെ സുസ്‌ക്യൂവീലുള്ള യുഎസ് കോൺസുലേറ്റാണ് അടച്ചിടുന്നത്.യുഎസ് അതിന്റെ അതിർത്തികൾ പൊടുന്നനെ അടച്ചിട്ടതിനെത്തുടർന്നു ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാർ അവിടെ കുടുങ്ങിപ്പോയിരുന്നു. നാല് മാസങ്ങൾ കഴിയുമ്പോഴും അവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. അടുത്ത തിങ്കളാഴ്ച മുതൽ നവംബർ മാധ്യംവരെയെങ്കിലും കോൺസുലേറ്റ് അടഞ്ഞുകിടക്കും. ആ പ്രദേശത്തുള്ള യുഎസ് പൗരന്മാർ ലിമയിലുള്ള യുഎസ് എംബസ്സിയുടെ സഹായം തേടണമെന്ന് കോൺസുലേറ്റ് അറിയിച്ചു. 356 മൈൽ അകലെയുള്ള ലിമയിലേക്ക് പോകാൻ വിമാനത്തിൽ ഒന്നര മണിക്കൂറും കാറിൽ പതിനെട്ടര മണിക്കൂറും വേണ്ടിവരും.

അതിർത്തികൾ അടച്ചതുകാരണം പലരാജ്യങ്ങളിലായി വേർപെട്ടുപോയ കുടുംബങ്ങൾക്ക് വിസ നിയന്ത്രണങ്ങൾ വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.

Share this story