ചൈനക്കെതിരെ പുതിയ നയതന്ത്രം: ലണ്ടനില്‍ മൈക്ക് പോംപിയോ – ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച

ചൈനക്കെതിരെ പുതിയ നയതന്ത്രം: ലണ്ടനില്‍ മൈക്ക് പോംപിയോ – ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച

ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. സാമുഹിക അകലമെന്നാല്‍ നയതന്ത്രപരമോ രാഷ്ട്രീയപരമോ ആയ അകലത്തെ സൂചിപ്പിക്കുന്നില്ലെന്നായിരുന്നു പോംപിയോയുമായി ഡൗണിങ് സ്ട്രീറ്റിലെ ഓഫിസിലേക്ക് നടക്കുമ്പോള്‍ ജോണ്‍സണ്‍ തമാശരൂപേണ പറഞ്ഞത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിവായിട്ടില്ലെങ്കിലും ചൈനക്കെതിരായ നയതന്ത്ര പോരാട്ടത്തില്‍ ബ്രിട്ടനെ കൂടെനിര്‍ത്താനുള്ള യു.എസ് ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സൂചനകള്‍. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായും ഹോങ്കോങ്ങിനെതിരായ നയത്തിലും ഉയിഗറുകളോടും മറ്റു മുസ്ലീം ന്യൂനപക്ഷങ്ങളോടുമുള്ള നടപടികള്‍ക്കും ചൈനക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തീവ്ര സംഘവുമായും പോംപിയോ കൂടിക്കാഴ്ച നടത്തും.

അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ബ്രിട്ടന്റെ 5ജി ശൃംഖല വികസിപ്പിക്കാന്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ജോണ്‍സണ്‍ അനുമതി നല്‍കിയതിനു പിന്നാലെ ജനുവരിയിലായിരുന്നു പോംപിയോയുടെ അവസാന ലണ്ടന്‍ സന്ദര്‍ശനം. അടുത്ത തലമുറ ഡാറ്റ സംവിധാനത്തിന്റെ ഹൃദയഭാഗത്ത് ചൈനയെ നിലനിര്‍ത്തിക്കൊണ്ട് പാശ്ചാത്യ രഹസ്യ വിവര പങ്കുവെയ്ക്കലിനെക്കൂടി ബ്രിട്ടന്‍ അപകടത്തിലാക്കുകയാണെന്ന് പോംപിയോ അന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരിയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടന്നതിനു പിന്നാലെയുണ്ടാകുന്ന ശൂന്യത നികത്താന്‍ മികച്ച പങ്കാളിയെ തേടിയിരുന്ന ജോണ്‍സണ്‍ ചൈനയെ ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു. അതോടെ ചൈനയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ വളരുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍, ചൈന ഒരു ആഗോള ഭീഷണിയാണെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കാഴ്ചപ്പാടുകള്‍ ബ്രിട്ടനും പങ്കുവെച്ചുതുടങ്ങി. പിന്നാലെ, അടുത്തവര്‍ഷം മുതല്‍ വാവെയില്‍നിന്ന് 5ജി ഉപകരണങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ബ്രിട്ടനിലെ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് 2027ഓടെ അവരെ പൂര്‍ണമായി പുറത്താക്കുന്ന തരത്തില്‍ ജോണ്‍സണ്‍ നയം തിരുത്തി. ജോണ്‍സണിന്റെ നടപടിയെ പോംപിയോ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയുടെ തനിപ്പകര്‍പ്പായി ബ്രിട്ടന്‍ മാറുന്നുവെന്നായിരുന്നു ചൈനീസ് വിദേശ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

ബ്രിട്ടീഷ് മുന്‍ ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ 2015ല്‍ ചൈന സന്ദര്‍ശനത്തിനിടെ വാഗ്ദാനം ചെയ്ത പരസ്പര സഹകരണത്തിലെ ‘സുവര്‍ണ്ണ ദശക’ത്തിന് നേരത്തെതന്നെ അന്ത്യം കുറിക്കുന്ന തരത്തിലുള്ള നടപടികള്‍ കഴിഞ്ഞ ഏതാനുംമാസമായി ജോണ്‍സണ്‍ കൈക്കൊണ്ടിരുന്നു. കൂടാതെ, പുതിയ ദേശീയ സുരക്ഷ നിയമം നടപ്പാക്കിയതിനു പിന്നാലെ ഹോങ്കോങ്ങിലെ മുന്ന് ദശലക്ഷം ആളുകള്‍ക്ക് യു.കെ പൗരത്വം വാഗ്ദാനം ചെയ്തുകൊണ്ടും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഹോങ്കോങ്ങുമായുള്ള ആയുധ ഇടപാടിലും കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ചുള്ള കരാറിലുമൊക്കെ ജോണ്‍സണ്‍ മാറ്റം കൊണ്ടുവന്നിരുന്നു. ഇത്തരത്തില്‍ ചൈനയുടെ അപ്രമാദിത്വത്തിന് തടയിടുന്ന നയങ്ങളുമായി ജോണ്‍സണ്‍ മുന്നോട്ടുവന്നതോടെയാണ് ചൈനക്കെതിരായ നയതന്ത്ര യുദ്ധത്തില്‍ ബ്രിട്ടിനെയും കൂടെനിര്‍ത്താന്‍ യു.എസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

Share this story