മാസ്‌ക് ധരിക്കുന്നതിനെതിരെ ലണ്ടനില്‍ വൻ പ്രതിഷേധം

മാസ്‌ക് ധരിക്കുന്നതിനെതിരെ ലണ്ടനില്‍ വൻ പ്രതിഷേധം

ലണ്ടന്‍: നൂറുകണക്കിന് പ്രതിഷേധക്കാര്‍ മുഖമറ ധരിക്കുന്നതിനെതിരെ ലണ്ടന്‍ നഗരത്തില്‍ പ്രകടനം നടത്തി. ഇംഗ്ലണ്ടിലെ സ്റ്റോറുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധം ഇരമ്പിയത്.

വെള്ളിയാഴ്ചയാണ് കടകളിലെത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ബന്ധമായി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്നാണ് ഒരു വിഭാഗം ജനങ്ങള്‍ മധ്യലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തിയത്.

മാസ്‌കിനെ മനസ്സു നിയന്ത്രണ ഉപകരണങ്ങളെന്നാണ് ചില പ്ലക്കാര്‍ഡുകളില്‍ പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്. അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മറ്റു ചില പ്ലക്കാര്‍ഡുകള്‍ വിശേഷിപ്പിച്ചു. ചില പ്രതിഷേധക്കാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയ മാസ്‌ക്ക് ധരിച്ചാണെത്തിയത്.

കീപ്പ് ബ്രിട്ടണ്‍ ഫ്രീ ഗ്രൂപ്പാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസാരിക്കാനും തെരഞ്ഞെടുക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം എന്ന പ്രമേയമാണ് അവര്‍ വെബ്‌സൈറ്റില്‍ ആവശ്യപ്പെടുന്നത്.

നിരവധി പഠനങ്ങള്‍ പ്രകാരം വായു വഴി പകരുന്ന കൊറോണ വൈറസിന് ഏറ്റവും മികച്ച പ്രതിരോധം മാസ്‌കാണെന്ന് ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മറ്റു രാജ്യങ്ങളേക്കാള്‍ മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം തീര്‍ത്തും കുറവാണ്. റോയല്‍ സൊസൈറ്റിയും ബ്രിട്ടീഷ് അക്കാദമിയും നടത്തിയ പഠനത്തില്‍ ഏപ്രില്‍ മാസത്തില്‍ ബ്രിട്ടണില്‍ മാസ്‌ക് ധരിച്ചവരുടെ ശതമാനം 25 ആയിരുന്നപ്പോള്‍ ഇറ്റലിയില്‍ 83.4 ശതമാനവും സ്‌പെയിനില്‍ 63.8 ശതമാനവുമായിരുന്നു.

ജൂലായ് 24 മുതല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെത്തുന്നവര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 100 പൗണ്ട പിഴ ഒടുക്കേണ്ടി വരുമെന്നാണ് കഴിഞ്ഞയാഴ്ച ജോണ്‍സണ്‍ പറഞ്ഞത്. അടുത്തകാലത്തായി മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തുന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യമാസങ്ങളില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇതിനെ പരിഗണിച്ചിരുന്നില്ല.

നിരവധി രാജ്യങ്ങല്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഫ്രാന്‍സില്‍ പിഴ അടക്കേണ്ടി വരും. ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതേ നിയമം തന്നെയാണ് പ്രാബല്യത്തിലുള്ളത്. യു കെയില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിലവില്‍ നിര്‍ബന്ധമാണ്.

Share this story