കോവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്ന ടെലിവിഷന്‍ പരിപാടി ട്രംപ് പുനരാരംഭിക്കുന്നു

കോവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്ന ടെലിവിഷന്‍ പരിപാടി ട്രംപ് പുനരാരംഭിക്കുന്നു

വാഷിങ്ങ്ടണ്‍: രാജ്യത്തെ പ്രതിദിന കോവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്ന ടെലിവിഷന്‍ പരിപാടി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനരാരംഭിക്കുന്നു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുവാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്ന് കരുതുന്നു. ചൊവാഴ്ച മുതല്‍ ടെലിവിഷന്‍ പരിപാടി ആരംഭിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നിരവധി ടെലിവിഷന്‍ ബ്രീഫിങ്ങുകള്‍ വൈറ്റ് ഹൗസ് ചെയ്തിരുന്നു. രണ്ടുമാസത്തോളം പരിപാടി തുടര്‍ന്നെങ്കിലും ഏപ്രില്‍ അവസാനത്തോടെ നിര്‍ത്തിവെക്കുകയായിരുന്നു.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ പുതിയ വിവരങ്ങള്‍, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള നല്ല വാര്‍ത്തകളായിരിക്കും ബ്രീഫിങ്ങില്‍ ഉള്‍പ്പെടുകയെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന മികച്ച ചില കമ്പനികളെക്കൂടി കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. വളരെ നല്ല ഉത്തരങ്ങളുമായാണ് നിങ്ങള്‍ക്കു മുന്നിലേക്ക് വരുന്നത്. വിജയകരമായ ബ്രീഫിങ്ങുകള്‍ ഞങ്ങള്‍ ചെയ്തിരുന്നു. നിരവധിയാളുകള്‍ അത് കാണുമായിരുന്നു. റെക്കോഡ് ആളുകളാണ് അത് കണ്ടുകൊണ്ടിരുന്നത്. കേബിള്‍ ടെലിവിഷന്റെ ചരിത്രത്തില്‍ അതുപോലൊന്ന് വേറെയുണ്ടായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും മാധ്യങ്ങളെ കാണുന്നുണ്ടെങ്കിലും പലപ്പോഴും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ട്രംപ് തൃപ്തനായിരുന്നില്ല. കോവിഡ് പ്രതിരോധത്തിനായി അണുനാശിനി കുത്തിവെച്ചാല്‍ മതിയാകില്ലേ എന്നതുള്‍പ്പെടെ പ്രസ്താവനകള്‍ ട്രംപിനെ പൊതുസമൂഹത്തില്‍ പരിഹാസ്യനാക്കിയിരുന്നു. ആക്ഷേപഹാസ്യമായി പറഞ്ഞ കാര്യങ്ങള്‍പോലും തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നുവെന്ന് ട്രംപ് പിന്നീട് പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡിനെക്കുറിച്ചുള്ള ടെലിവിഷന്‍ ബ്രീഫിങ്ങുകള്‍ പുനരാരംഭിക്കുന്നത്. നവംബര്‍ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ട്രംപിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ആളുകള്‍ ടെലിവിഷനു മുന്നിലെത്തുന്ന വൈകിട്ട് അഞ്ച് മണിക്ക് അവരുടെ മുന്നില്‍ സ്വയം അവതരിപ്പിച്ചുകൊണ്ട് ആധിപത്യം നേടാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു.

Share this story