കോവിഡ്; ആശങ്കയൊഴിയും മുമ്പ് രോഗം ആഞ്ഞടിക്കുമെന്ന് ട്രംപ്

കോവിഡ്; ആശങ്കയൊഴിയും മുമ്പ് രോഗം ആഞ്ഞടിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ് രോഗബാധ കുറയുന്നതിന് മുമ്പ് ഏറ്റവും വഷളായ തരത്തിലേക്കെത്തുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തന്റെ കോവിഡ് വാര്‍ത്താസമ്മേളനം പുനഃരാംഭിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നാണ് വിശ്വസിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏപ്രില്‍ മാസത്തില്‍ കോവിഡ് രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പും അദ്ദേഹം ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. മാസ്‌ക്ക ധരിക്കുന്ന കാര്യത്തില്‍ കടുത്ത നിര്‍ബന്ധം ചെലുത്തിയില്ലെങ്കിലും അതിനുള്ള പ്രോത്സാഹനവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് മാസ്‌ക് ധരിച്ചിരുന്നില്ല.

നിങ്ങള്‍ മാസ്‌ക് ധരിച്ചാലും ഇല്ലെങ്കിലും അതിന് അതിന്റേതായ ഫലം കാണുമെന്ന് പറഞ്ഞ ട്രംപ് താന്‍ മാസ്‌ക് ധരിക്കുന്നതായും വിശദീകരിച്ചു.

വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ ഏതെങ്കിലും ആരോഗ്യ വിദഗ്ധരുടെ അകമ്പടിയില്ലാതെയാണ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വാര്‍ത്താ സമ്മേളനത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് സി എന്‍ എന്നിന് നല്കിയ പ്രസ്താവനയില്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് ഡോ. അ്‌ന്തോണി ഫൗച്ചി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഫൗച്ചി ക്ഷണിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഭരണകാര്യങ്ങളില്‍ നിന്നുള്ള ആരും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുറത്തിരുന്ന് ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വിദഗ്ധരിലൊരാളായ ഡോ. ഡെബോറ ബിര്‍ക്‌സിന്റെ മറുപടി.

ട്രംപ് ചില ദിവസങ്ങളില്‍ ഒന്നിലേറെ തവണ കോവിഡ് പരിശോധനകള്‍ നിര്‍വഹിക്കാറുണ്ടെന്ന പ്രസ് സെക്രട്ടറി കെയ്‌ലിഗ് മാക് എനാനിയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഒന്നില്‍ കൂടുതല്‍ പരിശോധന നടത്തിയതിനെ കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ പരിശോധനയ്ക്ക് വിധേയനാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമില്‍ തയ്യാറാക്കിയ പരിപാടി ട്രംപിന് കൂടുതല്‍ ആജ്ഞാശക്തി നല്കാനുണ്ടാക്കിയ പദ്ധതിയായാണ് സി എന്‍ എന്‍ വിലയിരുത്തുന്നത്. രാജ്യത്തെ ആരോഗ്യ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമായ പങ്കുവഹിക്കാതിരുന്ന ട്രംപിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുകളുടെ എണ്ണം കുറയുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പരിപാടി പുനഃരാരംഭിക്കാനുള്ള പദ്ധതിയിട്ടത്. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം അരമണിക്കൂറോളം നീണ്ടുനിന്നു. കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള അവതരണം ട്രംപിനെ ബുദ്ധിമാനായ നേതാവായി വിലയിരുത്തുമെന്ന പ്രതീക്ഷയിലാണ് ഉപദേശകര്‍. നേരത്തെ ചെയ്തതുപോലെ എല്ലാ ദിവസവും കോവിഡ് വാര്‍ത്താ സമ്മേളനം ഉണ്ടായേക്കില്ലെന്നും ആഴ്ചയില്‍ ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും വാര്‍ത്താ സമ്മേളനമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂം കേവലം കോവിഡ് കാര്യങ്ങള്‍ മാത്രം പറയാന്‍ ഉപയോഗിക്കുന്നത് ഗുണകരമാവില്ലെന്ന അഭിപ്രായങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Share this story