ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചതിന് പ്രതികാരം; യുഎസിന്റെ ചെംഗ്ഡു കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ട് ചൈന

ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചതിന് പ്രതികാരം; യുഎസിന്റെ ചെംഗ്ഡു കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ട്  ചൈന

ബീജിംഗ്: ഈ ആഴ്ച ആദ്യം ഹ്യൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതിന് പ്രതികാരമായി തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ ചൈന ഉത്തരവിട്ടു.

ചെംഗ്ഡുവില്‍ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ സ്ഥാപനത്തിനും പ്രവര്‍ത്തനത്തിനുമുള്ള അനുമതി റദ്ദാക്കാനും ചൈന പ്രത്യേക ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനും തീരുമാനിച്ചെന്ന് 2020 ജൂലൈ 24 ന് രാവിലെ, വിദേശകാര്യ മന്ത്രാലയം ചൈനയിലെ യുഎസ് എംബസിയെ അറിയിച്ചു,

എംബസിയുടെ എല്ലാ ബിസിനസ്സുകളും പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച കോണ്‍സുലേറ്റ് ജനറലിന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.”അമേരിക്കയുടെ യുക്തിരഹിതമായ നടപടികള്‍ക്ക് നിയമാനുസൃതവും ആവശ്യമായതുമായ പ്രതികരണം” എന്നാണ് ഇതിനെക്കുറിച്ച് ബീജിംഗ് അറിയിച്ചത്.

‘യുഎസ് ആണ് ഏകപക്ഷീയമായി പ്രകോപനം ഉണ്ടാക്കിയത്. ഹ്യൂസ്റ്റണ്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും ‘ചൈന-യുഎസ് ബന്ധങ്ങളെ ഗുരുതരമായി തകര്‍ക്കാനും’ ഉത്തരവിട്ടുകൊണ്ട് ‘അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളും ലംഘിച്ചു’ എന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഹ്യൂസ്റ്റണിലെ പ്രവര്‍ത്തനം കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നും ഓഫീസ് തുറന്നിരിക്കുമെന്നും ചൈനീസ് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

1985 ല്‍ തുറന്ന ചെംഗ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് ചൈനയിലെ യുഎസ് മിഷന്റെ തന്ത്രപരമായി പ്രധാനപ്പെട്ട ഒരു ഔട്ട്പോസ്റ്റാണ്, ഇത് ടിബറ്റ് ഉള്‍പ്പെടെയുള്ള ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയെയും സിചുവാന്‍, യുനാന്‍ പ്രവിശ്യകളെയും ഉള്‍ക്കൊള്ളുന്നു. കോവിഡിന് മുന്‍പുള്ള സമയങ്ങളില്‍ 50 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കോണ്‍സുലേറ്റില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും 150 ചൈനീസ് ദേശീയ സ്റ്റാഫ് അംഗങ്ങളുണ്ടെന്നും വെബ്സൈറ്റ് പറയുന്നു.

Share this story