കോവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ ലഭ്യമാകുമെന്ന് ചൈന

കോവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ ലഭ്യമാകുമെന്ന് ചൈന

ബീജിങ്/അബുദാബി: പ്രതീക്ഷിച്ചതിലും നേരത്തെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനായേക്കുമെന്ന് ചൈന. അബുദാബിയില്‍ നടക്കുന്ന വാക്‌സിന്റെ അവസാനഘട്ടം പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്നും ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് (സി.എന്‍.ബി.ജി) അറിയിച്ചു. അബുദാബി ആസ്ഥാനമായുള്ള ജി42 ഹെല്‍ത്ത് കെയറുമായി ചേര്‍ന്നാണ് ചൈന കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. അവസാന ഘട്ടത്തില്‍ 15,000 ആളുകളിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. 10,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനോടകം താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് അബുദാബി ഭരണകൂടവും അറിയിച്ചു.

2021ലും വാക്‌സിന്‍ തയ്യാറായേക്കില്ലെന്നായിരുന്നു ജൂണില്‍ സിനോഫാം അറിയിച്ചത്. ചൈനയില്‍ പുതിയ രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷണത്തിനായി ആളുകളെ കിട്ടാത്ത സാഹചര്യത്തിലായിരുന്നു സിനോഫാം ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അബുദാബി ആരോഗ്യവകുപ്പുമായി സഹകരിച്ച് ഗവേഷണം ആരംഭിച്ചതോടെയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഗതിവേഗം ലഭിച്ചത്. ഫേസ് മൂന്ന് ക്ലിനിക്കല്‍ പരീഷണങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് സിനോഫാം ചെയര്‍മാന്‍ ലിയു ജിങ്‌ഷെന്‍ പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന ഘട്ടത്തില്‍ 15,000 ആളുകളിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്.

വാക്‌സിന്‍ മൂന്നാം ഘട്ടം പരീക്ഷണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അബുദാബി ഭരണകൂടവും വ്യക്തമാക്കി. പരീക്ഷണത്തിന് സന്നദ്ധരായവരുടെ എണ്ണം 10,000 പിന്നിട്ടതായി അബുദാബി ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ചട്ടങ്ങള്‍ക്ക് വിധേയമാണെന്നും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അല്‍ ഒവൈസ് വ്യക്തമാക്കി.

കോവിഡിനെ പ്രതിരോധിക്കാനുള്ള നിര്‍ജ്ജീവ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടം പരീക്ഷണങ്ങള്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദിന് വാക്‌സിന്‍ നല്‍കിയാണ് മൂന്നാംഘട്ടം പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. അബുദാബിയിലും അല്‍ ഐനിലും താമസിക്കുന്ന 18നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. 42 ദിവസമാണ് പരീക്ഷണ കാലയളവ്. അബുദാബി ഹെല്‍ത്ത് സര്‍വീസസിലെ (സേഹ) ആരോഗ്യ പരിശീലകരാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.

Share this story