ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ ലക്ഷ്യം വെക്കുന്ന ആയുധ സമാനവസ്തു റഷ്യ പരീക്ഷിച്ചതായി യു എസും യു കെയും

ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ ലക്ഷ്യം വെക്കുന്ന ആയുധ സമാനവസ്തു റഷ്യ പരീക്ഷിച്ചതായി യു എസും യു കെയും

വാഷിംഗ്ടണ്‍: ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ ലക്ഷ്യം വെക്കാന്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ആയുധസമാനമായ വസ്തു റഷ്യ പരീക്ഷിച്ചതായി യു എസും യു കെയും ആരോപിച്ചു. ഉപഗ്രഹവേധ ആയുധങ്ങളായി തോന്നുന്നവയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

റഷ്യന്‍ ബഹിരാകാശ ഉപകരണങ്ങളില്‍ പരിശോധന നടത്താന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ പുതിയ ഉപഗ്രഹ പ്രവര്‍ത്തനങ്ങളെ കുറിച്ച് യു എസ് നേരത്തെ തന്നെ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബഹിരാകാശത്തെ റഷ്യന്‍ പരീക്ഷണങ്ങളെ കുറിച്ച് യു കെ ആദ്യമായാണ് ആരോപണം ഉന്നയിക്കുന്നത്. റഷ്യന്‍ ഭീഷണിയെ യു കെ സര്‍ക്കാര്‍ കുറച്ചു കാണിക്കുന്നുവെന്ന അന്വേഷണം വന്നതിന് പിന്നാലെയാണ് കുറ്റപ്പെടുത്തലുമായി യു കെ രംഗത്തെത്തിയത്.

സ്വന്തം ബഹിരാകാശ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ ഉദ്ദേശമില്ലാതെ അമേരിക്കയെ പരിമിതപ്പെടുത്താനാണ് റഷ്യ ബഹിരാകാശത്ത് ആയുധ നിയന്ത്രണം വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് യു എസ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ആന്റ് നോണ്‍ പ്രോലിഫറേഷന്‍ സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ഫോര്‍ഡ് പറഞ്ഞു.

റഷ്യയുടെ പുതിയ ഉപഗ്രഹ പരീക്ഷണത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അവരുടെ ആയുധത്തിന് ‘സവിശേഷതകള്‍’ ഉണ്ടെന്നുമാണ് യു കെയുടെ ബഹിരാകാശ ഡയറക്ടറേറ്റ് മേധാവി എയര്‍വൈസ് മാര്‍ഷല്‍ ഹാര്‍വി സ്മിത്ത് പറഞ്ഞത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപോയഗത്തെ തകര്‍ക്കുമെന്നും അവശിഷ്ടങ്ങള്‍ ലോകം ആശ്രയിക്കുന്ന ബഹിരാകാശ സംവിധാനങ്ങള്‍ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ ഉത്തരവാദിത്വം പ്രകടിപ്പിക്കണമെന്നും ഇത്തരം പരീക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യ, യു കെ, യു എസ്, ചൈന തുടങ്ങിയവ ഉള്‍പ്പെടെ നൂറിലേറെ രാജ്യങ്ങളാണ് ബഹിരാകാശ ഉടമ്പടിയിലുള്ളത്. ഇതുപ്രകാരം ബഹിരാകാശത്ത് എല്ലാവര്‍ക്കും പര്യവേക്ഷണം നിര്‍വഹിക്കാമെന്നും എന്നാല്‍ സമാധാനപരമായ ആവശ്യക്കു മാത്രമായിരിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. ഭ്രമണപഥത്തിലോ ബഹിരാകാശത്തോ ആയുധങ്ങള്‍ സ്ഥാപിക്കരുതെന്നും ഉടമ്പടി ആവശ്യപ്പെടുന്നു.

ബഹിരാകാശാധിഷ്ഠിത ഉപഗ്രഹ വിരുദ്ധ ആയുധം റഷ്യ പരീക്ഷിച്ചുവെന്നാണ് യു എസ് ബഹിരാകാശ കമാന്‍ഡിന്റെ തലവന്‍ ജനറല്‍ ജയ് റെയ്മണ്ട് പറഞ്ഞത്. ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള റഷ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ കൂടുതല്‍ തെളിവാണിതെന്നും യു എസും അനുബന്ധ ബഹിരാകാശ സ്വത്തുക്കളും അപകടത്തിലാക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ക്രെംലിന്‍ പ്രസിദ്ധീകരിച്ച സൈനിക ഉപദേശങ്ങള്‍ക്ക് അനുസരിച്ചുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

Share this story